സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ചത്ത പുലിയെ കണ്ടെത്തി
text_fieldsപുള്ളിപ്പുലി ചത്ത് ജീർണിച്ച നിലയിൽ
കാഞ്ഞങ്ങാട്: രാജപുരം കള്ളാറിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ചത്തനിലയിൽ പുലിയെ കണ്ടെത്തി. കള്ളാർ പഞ്ചായത്തിലെ പുഞ്ചക്കര കോട്ടക്കുന്നിൽ ഇന്നലെ ഉച്ചയോടെയാണ് ഷാജിയുടെ പറമ്പിലാണ് പുലിയെ ചത്തനിലയിൽ കണ്ടത്. ജഡത്തിന് ഒരാഴ്ച പഴക്കം തോന്നുന്നതായി ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. കോട്ടക്കുന്ന് ജനവാസ മേഖലയാണിത്. . കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ. രാഹുലിന്റെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ മരണ കാരണം വ്യക്തമാകൂവെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. ബളാൽ പോകുന്ന റോഡിൽ കോട്ടക്കുന്ന് ബസ് വെയിറ്റിങ് ഷെഡിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലാണ് സംഭവം.
കണ്ണൂരിൽനിന്ന് ഫോറസ്റ്റ് വെറ്ററിനറി ഡോക്ടർ ഇല്യാസ് റാവുത്തർ എത്തി പോസ്റ്റ് മോർട്ടം നടത്തി. തുടർന്ന് ജഡം കത്തിച്ചു. വെടിയേറ്റതിന്റെയോ മറ്റ് പരിക്കുകളോ ഇല്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രോഗംമൂലം ചത്തതാകാമെന്നാണ് പ്രാഥമിക നിഗമനം. നാലുവയസ് വരുന്ന പെൺ പുലിയുടെ ജഡമാണ്. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു. സാമ്പിൾ പരിശോധനക്കയച്ചു. പരപ്പ, ഒടയംചാലിനടുത്ത് അടക്കം പല ഭാഗങ്ങളിലും നേരത്തെ പുലി സാന്നിധ്യമുണ്ടായിരുന്നു.


