പാചകവാതക ടാങ്കർ അപകടം: ‘ചോർച്ചയില്ലാത്ത പ്രവർത്തനം’; സേനകൾക്ക് അഭിനന്ദനം
text_fieldsപാചകവാതക ചോർച്ച അണക്കാൻ നേതൃത്വം നൽകിയ സേനാംഗങ്ങളിൽ ചിലർ
കാഞ്ഞങ്ങാട്: സൗത്ത് ദേശീയപാതയിൽ എൽ.പി.ജി ടാങ്കർ മറിഞ്ഞുണ്ടായ അപകടത്തിൽ വൻദുരന്തം ഒഴിവാക്കുന്നതിന് കാര്യക്ഷമമായും ജാഗ്രതയോടെയും പ്രവർത്തിച്ച എല്ലാവരെയും ജില്ല ഭരണസംവിധാനം അഭിനന്ദിച്ചു. രാപ്പകൽ ഭേദമില്ലാതെ പ്രവർത്തിച്ചാണ് മികച്ച ഏകോപനത്തോടെ ഇത് സാധ്യമാക്കിയത്. വ്യാഴാഴ്ച ഉച്ചക്ക് 12ന് ഗ്യാസ് ടാങ്കർ മറിഞ്ഞ വിവരം അറിഞ്ഞതുമുതൽ ജില്ല ദുരന്തനിവാരണ അതോറിറ്റി ഫലപ്രദമായി ഇടപെട്ടിരുന്നു. വെള്ളിയാഴ്ച രാത്രി 11.30ന് പാചകവാതകം മാറ്റുന്ന പ്രവർത്തനം പൂർത്തിയായി. ഉദ്യോഗസ്ഥരും പൊലീസും ജനപ്രതിനിധികളും അഗ്നിരക്ഷസേനയും എച്ച്.പി.സി.എല്‍ വിഭാഗവും നാട്ടുകാരും ഒരുമിച്ച് നടത്തിയ പ്രവർത്തനത്തിന്റെ വിജയമായിരുന്നു അത്.
കാഞ്ഞങ്ങാട് നഗരസഭ ചെയര്പേഴ്സൻ കെ.വി. സുജാത, നഗരസഭ കൗൺസിലർമാർ, എ.ഡി.എം പി. അഖില്‍, ആർ.ഡി.ഒ ഇൻചാർജ് ബിനു ജോസഫ്, ഹോസ്ദുർഗ് തഹസില്‍ദാർ ജി. സുരേഷ്ബാബു, ദുരന്തനിവാരണം ഡെപ്യൂട്ടി തഹസിൽദാർ തുളസിരാജ്, മറ്റ് റവന്യൂ ഉദ്യോഗസ്ഥർ, ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത്, ഫയര്‍ ഓഫിസര്‍ ദിലീഷ്, അപ്ത മിത്ര വളന്റിയർമാർ, കെ.എസ്.ഇ.ബി, മോട്ടോര്‍ വെഹിക്കിള്‍, ആരോഗ്യം, എച്ച്.പി.സി.എല്‍ ക്യുക് റെസ്പോണ്‍സ് ടീം എന്നിവര്‍ മികച്ച ഏകോപനത്തോടെ പ്രവർത്തിച്ചതിനാലാണ് ലക്ഷ്യം കൈവരിക്കാനായത്. മാധ്യമങ്ങളും മികച്ച പിന്തുണ നൽകിയതായി കലക്ടർ അറിയിച്ചു. തളിപ്പറമ്പ് കുപ്പത്തുനിന്ന് എത്തിയ ഖലാസികളുടെ സേവനവും അഭിനന്ദനീയമാണ്.
ടാങ്കര്‍ ഉയര്‍ത്താന്‍ ശ്രമിക്കവേ, ലോറിയില്‍ നേരിയതോതിൽ ചോർച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് മംഗളൂരുവിൽനിന്ന് എച്ച്.പി.സി.എല്‍ പ്രത്യേക സംഘം എത്തിയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. റവന്യൂ വകുപ്പും നഗരസഭയും ചേർന്ന് രണ്ട് ക്യാമ്പുകള്‍ തുറന്നു. സംഭവസ്ഥലത്തിന് ഒരു കിലോമീറ്റര്‍ പരിധിയിലുള്ള വീട്ടുകാരെ മുത്തപ്പന് കാവ് ഓഡിറ്റോറിയം, ആറങ്ങാടി ജി.എല്‍.പി.എസ് എന്നിവിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ചിലര്‍ ബന്ധുവീടുകളിലേക്ക് മാറി.
പ്രദേശത്തെ കടകമ്പോളങ്ങള്‍ അടക്കുകയും കെ.എസ്.ഇ.ബി വൈദ്യുതി വിതരണം നിർത്തിവെക്കുകയും ചെയ്തു. ഇങ്ങനെ എല്ലാതലത്തിലും സഹകരിച്ച് എല്ലാ ആശങ്കകളും അകറ്റിയ എല്ലാവർക്കും ജില്ല ഭരണസംവിധാനം നന്ദി അറിയിച്ചു.