പരിചയം നടിച്ച് പണംതട്ടുന്ന സംഘം സജീവം; വയോധികക്ക് പണം നഷ്ടമായി
text_fieldsപ്രതീകാത്മക ചിത്രം
കാഞ്ഞങ്ങാട്: ബൈക്കിൽ സഞ്ചരിച്ച് പരിചയം ഭാവിച്ച് പണം തട്ടുന്ന സംഘത്തിന്റെ തട്ടിപ്പിൽ കുടുങ്ങി നിരവധിപേർ. മാവുങ്കാലിൽ കഴിഞ്ഞദിവസം ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്ന വയോധികക്ക് പണം നഷ്ടമായി. രാമനഗരം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ വെച്ചായിരുന്നു സംഭവം. ബൈക്കിലെത്തിയ യുവാവ് വയോധികയോട് മുൻ പരിചയം നടിക്കുകയും ബൈക്കിന് കടലാസ് ഇല്ലാത്തതിനാൽ പൊലീസ് പിഴ ചുമത്തിയെന്നും പണം കൈയിൽ കരുതിയിട്ടില്ലെന്നും പറഞ്ഞു.
തുടർന്ന് വയോധിയോട് പണം ചോദിക്കുകയും ചെയ്തു. കൈയിലുണ്ടായിരുന്ന 500 രൂപ യുവാവിന് നൽകുകയും പിഴയോടുക്കിയ ശേഷം വരാമെന്ന് പറഞ്ഞ് സ്ഥലം വിടുകയായിരുന്നു. വീട്ടിലെത്തിയപ്പോഴാണ് വയോധിക കബളിപ്പിക്കപ്പെട്ടതായി അറിയുന്നത്. മുൻവർഷങ്ങളിൽ പെരിയ ഭാഗത്ത് ഇത്തരം തട്ടിപ്പ് നടന്നതായും ഇത്തരം തട്ടിപ്പു സംഘങ്ങൾ പിടിക്കപ്പെട്ടിടില്ലെന്നും നാട്ടുക്കാർ പറയുന്നു.


