ജില്ല ആശുപത്രിയിലെ ശസ്ത്രക്രിയ ചികിത്സപ്പിഴവുണ്ടായിട്ടില്ലെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsകാസർകോട്: കാഞ്ഞങ്ങാട് ആശുപത്രിയിൽ നടന്ന ഹെർണിയ ശസ്ത്രക്രിയയിൽ ചികിത്സപ്പിഴവുണ്ടായിട്ടില്ലെന്ന് മനുഷ്യാവകാശ കമീഷൻ. ആരോപണം തെറ്റാണെന്ന് ജില്ല മെഡിക്കൽ ഓഫിസർ മനുഷ്യാവകാശ കമീഷനെ അറിയിച്ചിരുന്നു. 2024 സെപ്റ്റംബർ 19ന് നടന്ന ശസ്ത്രക്രിയക്കിടെ പിഴവുണ്ടായെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.
മെഡിക്കൽ സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിയതായി ഡി.എം.ഒ അറിയിച്ചു. ശസ്ത്രക്രിയ സമയത്ത് ഹെർണിയ സാക്ക് തിരയുമ്പോൾ അത് കാണേണ്ടസ്ഥലത്ത് കണ്ടില്ലെന്നും ഫിമറൽ വെയിനിന് മുറിവ് സംഭവിക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യം മനസ്സിലാക്കിയ ഡോക്ടർ കുട്ടിയെ വിദഗ്ധ ചികിത്സക്കായി വാസ്കുലാർ സർജറി വിഭാഗത്തിലേക്ക് മാറ്റി.നിലവിൽ ഒരു സ്വകാര്യ ആശുപത്രിയിലെ റിപ്പോർട്ട് പ്രകാരം ചികിത്സ തുടരുന്നുണ്ട്. ശസ്ത്രക്രിയ സമയത്ത് രക്തക്കുഴലുകൾക്ക് ഒന്നു മുതൽ മൂന്നുവരെ മുറിവുകൾ സംഭവിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
മെഡിക്കൽസംഘം വീട്ടിലെത്തി കുട്ടിയെ പരിശോധിച്ചു. മുറിവ് ഉണങ്ങിയിട്ടുണ്ടെന്നും കാലിന് ബലക്കുറവോ വീക്കമോ ഇല്ലെന്നും ആരോഗ്യം സാധാരണനിലയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. വാസ്കുലർ സർജന്റെ അഭിപ്രായപ്രകാരം ഭാവിയിൽ ബുദ്ധിമുട്ടുണ്ടാവാൻ സാധ്യതയില്ലെന്നും റിപ്പോർട്ടിലുണ്ട്.
തുടർചികിത്സ കാഞ്ഞങ്ങാട് ജില്ല ആശുപത്രിവഴി തുടരാവുന്നതാണെന്നും പറയുന്നുണ്ട്. ഡി.എം.ഒയുടെയും വിദഗ്ധസമിതിയുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.


