കുളത്തിൽ വീണ പുലിയെ പിടികൂടി
text_fieldsപുല്ലൂർ കൊടവലത്ത് കുളത്തിൽ വീണപുലി
കാഞ്ഞങ്ങാട്: മൂന്ന് പഞ്ചായത്തുകളെ ഒരുവർഷത്തോളമായി മുൾമുനയിൽ നിർത്തിയ പുലി ഒടുവിൽ കുളത്തിൽ. പുല്ലൂർ-പെരിയ, മടിക്കൈ, കോടോം ബേളൂർ പഞ്ചായത്തുകളെയും കാഞ്ഞങ്ങാട് നഗരസഭയുടെ ഭാഗത്തുള്ള ജനങ്ങളെ ഭീതിയിലാഴ്ത്തിയ പുലിയാണ് ഞായറാഴ്ച വൈകീട്ട് പുല്ലൂർ കോട്ടപ്പാറക്കടുത്ത കൊടവലത്തെ സ്വകാര്യവ്യക്തിയുടെ റബർതോട്ടത്തിലെ കുളത്തിൽ വീണത്.
ദേവി ക്ലബിന് സമീപത്തെ മധുവിന്റെ തോട്ടത്തിലെ കുളത്തിലാണ് പുലി വീണത്. നിറയെ വെള്ളമുള്ള കുളത്തിൽ നീന്തുന്ന നിലയിലാണ് പുലിയെ കണ്ടത്. വിവരമറിഞ്ഞതോടെ ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി. വനപാലകർ മാസങ്ങളായി തിരഞ്ഞിട്ടും പിടികൊടുക്കാതെ മാറിമാറി ഒളിത്താവളങ്ങളിൽ കഴിയുകയായിരുന്നു പുലി. ഒരിക്കൽ മടിക്കൈ പഞ്ചായത്തിൽ പുലി പ്രത്യക്ഷപ്പെട്ടാൽ കുറെ ദിവസത്തേക്ക് പുലിയെ പുറത്തു കാണില്ല. ആഴ്ചകൾ കഴിഞ്ഞാൽ പുലി കിലോമീറ്ററുകൾക്കപ്പുറം മറ്റൊരു പഞ്ചായത്തിലാകും പ്രത്യക്ഷപ്പെടുക. ആടുകളെയും നിരവധി വളർത്തുനായ്ക്കളെയും പുലി കൊന്നുതിന്നിരുന്നു. പല സ്ഥലങ്ങളിലും ആളുകൾ പുലിയെ നേരിൽ കണ്ടു. വനപാലകർ വിവിധ സ്ഥലങ്ങളിൽ സി.സി.ടി.വി കാമറ ട്രാപ്പുകൾ സ്ഥാപിച്ചിരുന്നുവെങ്കിലും ഇവയിലൊന്നും പുലി കുടുങ്ങിയില്ല. എന്നാൽ, പറക്കളായിയിൽ സ്വകാര്യവ്യക്തിയുടെ കാമറയിൽ പുലിയെ കണ്ടിരുന്നു.
കോട്ടപ്പാറക്ക് സമീപം വെള്ളൂടയിലായിരുന്നു കൂടുതൽ തവണ പുലിയെ കണ്ടത്. പെരൂർ, ഇരിയ മുട്ടിച്ചരൽ, ഒടയംചാൽ, നെല്ലിത്തറ, ചാലിങ്കാൽ, പെരിയ, രാവണീശ്വരം ഭാഗങ്ങളിലും പുലിയെ കണ്ടു. പെരിയ കേന്ദ്ര സർവകലാശാലക്ക് സമീപം പലതവണ പുലിയെ കണ്ടു. ഈ ഭാഗത്ത് കെട്ടിയിട്ട വളർത്തുപട്ടിയെ കൊന്നു തിന്നതായി പറയുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി പെരിയ ഭാഗത്ത് ഇടക്കിടെ പുലിയെ കണ്ടിട്ടുണ്ട്.


