സ്റ്റാൻഡിൽ ബസുകൾക്ക് ‘നോ എൻട്രി’; സ്വകാര്യ വാഹനങ്ങൾക്ക് കയറാം
text_fieldsഅറ്റകുറ്റപ്പണിക്ക് അടച്ചിട്ട കോട്ടച്ചേരി ബസ് സ്റ്റാൻഡില്‍
മറ്റു വാഹനങ്ങൾ പാര്‍ക്ക് ചെയ്ത നിലയിൽ
കാഞ്ഞങ്ങാട്: അടച്ചിട്ട കോട്ടച്ചേരി നഗരസഭ ബസ് സ്റ്റാൻഡിൽ മറ്റു സ്വകാര്യ വാഹനങ്ങൾ പാർക്കിങ് തുടങ്ങി. ഏപ്രില്‍ ഒന്നിന് പണിയാരംഭിക്കുമെന്ന് പറഞ്ഞ് ആറു മാസത്തേക്ക് അടച്ചിട്ട സ്റ്റാൻഡിൽ ഒരാഴ്ച പിന്നിട്ടിട്ടും പണി തുടങ്ങിയില്ല. ഇതോടെയാണ് മറ്റു വാഹനങ്ങൾ സ്റ്റാൻഡ് കൈയേറി പാർക്കിങ് തുടങ്ങിയത്.
സ്റ്റാൻഡിന്റെ ബസുകളെ മാത്രം കയറ്റില്ല. ബസുകൾ റോഡിൽ തന്നെ നിർത്തിയിടണം. പണി ആരംഭിക്കുന്നതിന് തലേദിവസം പോരായിരുന്നോ ബസുകളെ സ്റ്റാൻഡിൽനിന്ന് കുടിയിറക്കുന്നതെന്നാണ് വ്യാപാരികളും ബസ് ജീവനക്കാരും ചോദിച്ചത്.
ഒഴിപ്പിക്കൽ നടന്ന് എട്ടു ദിവസമായിട്ടും പണി ആരംഭിച്ചില്ല. സ്റ്റാൻഡിന് മുന്നിൽ ബസുകൾ നിർത്തിയിടാൻ ഇടമില്ലാതെ പാടുപെടുമ്പോഴാണ് ഈ ദുരവസ്ഥ.
നോക്കുകുത്തിയായി മാറിയ അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡിനെ രക്ഷിക്കാനാണ് നഗരസഭ പഴയ ബസ് സ്റ്റാൻഡിനെ ബലികൊടുത്തിരിക്കുന്നതെന്നാണ് ആക്ഷേപം.
വിഷു പ്രമാണിച്ച് പുതിയ വഴി വാണിഭക്കാർ കൂടി എത്തുന്നതോടെ നഗരത്തിലെ തിരക്ക് മൂർധന്യത്തിലാവും. ബസുകളെ ഒഴിപ്പിച്ചതോടെ സ്റ്റാൻഡിലെ വ്യാപാരികൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഇവിടത്തെ കടകളിൽ കച്ചവടം നടക്കാതെയായി.
വ്യാപാരി സംഘടനകൾ പ്രതിഷേധമുയർത്തുന്നുണ്ടെങ്കിലും ഇതുകൊണ്ടൊന്നും ഒരു പ്രയോജനവുമില്ല. പഴയ ബസ് സ്റ്റാൻഡ് അടച്ചുപൂട്ടിയിട്ടും ഇതിന്റെ പ്രയോജനം പുതിയ ബസ് സ്റ്റാൻഡിന് ലഭിച്ചിട്ടില്ല താനും.


