വാട്സ്ആപ് ഗ്രൂപ് വഴി പൊലീസ് വാഹന നീക്കം ചോർത്തി: കേസ്
text_fieldsകാഞ്ഞങ്ങാട്: വാട്സ്ആപ് ഗ്രൂപ് വഴി പൊലീസ് വാഹനങ്ങളുടെ നീക്കങ്ങൾ മദ്യ-മയക്കുമരുന്ന്, ഓൺലൈൻ ലോട്ടറി കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്ക് ചോർത്തിക്കൊടുത്ത അഡ്മിനും ഗ്രൂപ് അംഗങ്ങൾക്കുമെതിരെ രാജപുരം പൊലീസ് കേസെടുത്തു. ജില്ല പൊലീസ് മേധാവി വിജയഭാരത് റെഡ്ഡിയുടെ നിർദേശപ്രകാരം ബുധനാഴ്ച ജില്ലയിൽ നടന്ന കോമ്പിങ് ഓപറേഷൻ ഡ്യൂട്ടിക്കിടെ രാജപുരം പ്രിൻസിപ്പൽ എസ്.ഐ പ്രദീപ്കുമാറും സംഘവും കോളിച്ചാലിൽ അളവിൽ കൂടുതൽ മദ്യം കൈവശംവെച്ചയാളെ അറസ്റ്റ് ചെയ്ത് കേസെടുത്തശേഷം പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ഫാമിലി എന്നു പേരുള്ള വാട്സ് ആപ് ഗ്രൂപും തുറന്നു നോക്കിയതിൽ രാജപുരം പൊലീസ് സ്റ്റേഷൻ ജീപ്പിനും പാണത്തൂർ എയ്ഡ് പോസ്റ്റ് ജീപ്പിനും പ്രത്യേക കോഡ് നൽകി ജീപ്പുകളുടെ നീക്കങ്ങൾ യഥാസമയം ഗ്രൂപ്പിൽ ഷെയർ ചെയ്തതായും കാണപ്പെട്ടു.
ഗ്രൂപ്പിലെ അംഗങ്ങളെക്കുറിച്ച് പരിശോധിച്ചതിൽ പലരും മദ്യ-മയക്കുമരുന്ന്-ഓൺലൈൻ ലോട്ടറി വ്യാപാരത്തിലേർപ്പെടുന്ന ആൾക്കാരാണെന്ന് വ്യക്തമായി. അതിൽ ചിലർക്കെതിരെ മുമ്പ് രാജപുരം പൊലീസ് കേസെടുത്തിട്ടുണ്ടായിരുന്നു. രാജപുരം ഇൻസ്പെക്ടർ പി. രാജേഷിന്റെ നേതൃത്വത്തിൽ ഇവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്ന അവസരത്തിൽ പൊലീസിന്റെ നീക്കങ്ങൾ മുൻകൂട്ടി അറിയിക്കുന്നതിനുവേണ്ടി ആരംഭിച്ചതാണ് ഈ ഗ്രൂപ്പെന്ന് വ്യക്തമായി.
ഗ്രൂപ്പിൽ നിലവിൽ 80 അംഗങ്ങളാണുള്ളത്. അപ്പു റിഷി, ഷെട്ടി, വൈശാഖ്, സുജി എന്നിവരാണ് ഗ്രൂപ് അഡ്മിന്മാർ. അവർക്കെതിരെയും ബുധനാഴ്ച ഗ്രൂപ്പിൽ വോയിസ് മെസേജുകളിട്ട മറ്റ് 16 പേർക്കെതിരെയുമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഗ്രൂപ് അഡ്മിന്മാരെ കസ്റ്റഡിയിലെടുക്കാനായിട്ടില്ല. പ്രതികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് രാജപുരം എസ്.എച്ച്.ഒ രാജേഷ് അറിയിച്ചു.