പോക്സോ കേസിൽ വൈദികന്റെ ജാമ്യാപേക്ഷ തള്ളി
text_fieldsപോൾ തട്ടുപറമ്പിൽ
കാഞ്ഞങ്ങാട്: പീഡനക്കേസിൽ പ്രതിയായ വൈദികൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. ചിറ്റാരിക്കാൽ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതി എറണാകുളം കോതമംഗലം രാമല്ലൂരിലെ തട്ടുപറമ്പിൽ ടി. മജോ എന്ന പോൾ തട്ടുപറമ്പിൽ (44) നൽകിയ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. വൈദികനെ പിടികൂടുന്നതിന് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും തിരച്ചിൽ ഊർജിതമാക്കുകയും ചെയ്തു.
പ്രായപൂർത്തിയാകാത്ത ആൺകുട്ടി നൽകിയ പരാതിയിലാണ് പോളിനെതിരെ കേസെടുത്തത്. രാജ്യം വിടാതിരിക്കാനാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കിയത്. ജില്ല കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് മുൻകൂർ ജാമ്യം തേടി ഇയാൾ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഒളിവിൽ കഴിയുന്നതുമായി ബന്ധപ്പെട്ട വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
എറണാകുളത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ തേടി പ്രത്യേക അന്വേഷണ സംഘം എത്തിയെങ്കിലും ബംഗളൂരുവിലേക്ക് മുങ്ങി. പൊലീസും പിന്നാലെ ബംഗളൂരുവിലെത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. കർണാടക കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായി ചിറ്റാരിക്കാൽ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ പറഞ്ഞു.