13 വയസ്സുകാരനെ പീഡിപ്പിച്ച കേസ്; പ്രതിക്ക് എട്ടുവർഷം കഠിനതടവും പിഴയും
text_fieldsകാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് എട്ടുവർഷം കഠിന തടവും 21,000 രൂപ പിഴയും ശിക്ഷ വിധിച്ച് ഹോസ്ദുർഗ് പോക്സോ കോടതി. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷവും ഒരാഴ്ച അധിക തടവിനും ശിക്ഷ വിധിച്ചു. കുറ്റിക്കോൽ വളവിൽ വള്ളി വളപ്പിൽ പി. ബാബുവിനെയാണ് (61) ശിക്ഷിച്ചത്.
13 വയസ്സുകാരനെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ. 2023 മാർച്ച് അഞ്ചിന് ഉച്ചക്ക് 2.30ന് മാതാപിതാക്കൾ സ്ഥലത്തെത്തിയില്ലെന്നറിഞ്ഞെത്തിയ ബാബു കുട്ടിയുടെ വീടിന്റെ മുറ്റത്തുവെച്ച് ലൈംഗികമായി ഉപദ്രവിക്കുകയും പിന്നീടുള്ള ദിവസങ്ങളിൽ കുട്ടിയെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോർട്ട് ജഡ്ജി പി.എം. സുരേഷാണ് തിങ്കളാഴ്ച ശിക്ഷ വിധിച്ചത്.
ബേഡകം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ സബ് ഇൻസ്പെക്ടർ എം. ഗംഗാധരനാണ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.