ഡോക്ടർമാരുടെ കുറവ്; കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും പൂടംകല്ലിലും പ്രതിസന്ധി
text_fieldsപ്രതീകാത്മക ചിത്രം
കാഞ്ഞങ്ങാട്: ഡോക്ടർമാരുടെ കുറവുകാരണം പാണത്തൂർ കുടുംബാരോഗ്യം കേന്ദ്രം പൂട്ടിയതിന് പിന്നാലെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും പൂടംകല്ല് താലൂക്കാശുപത്രിയിലും പ്രതിസന്ധി. സംസ്ഥാനത്ത് ആരോഗ്യവകുപ്പിൽ 136 ഡോക്ടർമാരെ പുതുതായി നിയമിച്ചപ്പോൾ ജില്ലയിൽ 25 പേർക്ക് നിയമനം ലഭിച്ചു. കാഞ്ഞങ്ങാട്ടെ ജില്ല ആശുപത്രിയില്‍ ഒരു ഡോക്ടറെ പോലും നിയമിച്ചില്ല. മഴക്കാലമായതിനാല്‍ പകര്‍ച്ചപ്പനിയും ഡെങ്കിപ്പനിയും അടക്കം വ്യാധികള്‍ മൂലം ദിവസവും നൂറുകണക്കിന് സാധാരണക്കാരാണ് ജില്ല ആശുപത്രിയെ ആശ്രയിക്കുന്നത്.
ജില്ല ആശുപത്രിയില്‍ 51 ഡോക്ടര്‍മാരില്‍ 22 പേരുടെ കുറവാണുള്ളത്. ദിവസവും 1500ലധികം രോഗികള്‍ ജില്ല ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ മാത്രം ചികിത്സക്കെത്തുന്നുണ്ട്. ആറ് സി.എം.ഒമാരില്‍ അഞ്ചെണ്ണവും ഒഴിഞ്ഞുകിടക്കുകയാണ്. ജില്ല ആശുപത്രിയിലെ സ്പെഷാലിറ്റി പ്രമോഷന് തസ്തികകളിലും നിയമനം നടത്തുന്നില്ല. സ്പെഷാലിറ്റി വിഭാഗത്തില്‍ ചികിത്സക്കെത്തുന്ന നിരവധി രോഗികളാണ് ബുദ്ധിമുട്ടനുഭവിക്കുന്നത്.
ഫോറന്‍സിക് സര്ജനില്ലാത്തത് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടം നടപടികളെയും ബാധിക്കുന്നു. നിലവിലുള്ള ഡോക്ടര്‍മാരുടെ സേവനം പോലും എല്ലാ ദിവസവും ലഭിക്കുന്നില്ല. ചില ഡോക്ടര്‍മാര്‍ ദീര്‍ഘകാലത്തേക്ക് മെഡിക്കല്‍ അവധിയില്‍ പോയിരിക്കുകയാണ്. ഒ.പി സമയം രാവിലെ എട്ടുമുതല്‍ ഉച്ചക്ക് ഒരു മണിവരെ മാത്രമായി വെട്ടിച്ചുരുക്കിയിരിക്കുകയാണ്. ഉച്ചക്കുശേഷം ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ലഭിക്കുന്നത്.
ഒരു ഡോക്ടര്‍ക്ക് മാത്രമായി പരിശോധിക്കാന്‍ സമയം തികയാത്തതിനാല്‍ ഉച്ചക്ക് ശേഷം എത്തുന്ന പനിബാധിതര്‍ അടക്കമുള്ള രോഗികള്‍ക്ക് വന്‍തുക നല്കി സ്വകാര്യാശുപത്രികളെ ആശ്രയിക്കുകയാണ്. പനി ക്ലിനിക്ക് നിര്‍ത്തിവെച്ചതോടെ പനിബാധിതര്‍ക്ക് മതിയായ ചികിത്സ ജില്ല ആശുപത്രിയില്‍ ലഭ്യമാകുന്നില്ല. ജില്ല ആശുപത്രിയില്‍ അടിയന്തരമായി കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് എം.എൽ.എ ഉൾപ്പെടെ ജനപ്രതിനിധികൾ നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല.
രാത്രിസമയം അത്യാഹിതവിഭാഗത്തിൽ ഏക ഡോക്ടറുടെ സേവനം മാത്രമാണുള്ളത്. ജില്ലയുടെ പല ഭാഗങ്ങളിൽനിന്നും വാഹനാപകടങ്ങളിലും കാലവർഷത്തെ തുടർന്നുള്ള അപകടത്തിൽ പെട്ടും ആദ്യമെത്തുന്നത് ജില്ല ആശുപത്രിയിലാണ്. രോഗം മൂർച്ഛിച്ച് എത്തുന്നവരും കുറവല്ല. ജില്ല ആശുപത്രിയിൽ തന്നെ ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗികളെ ഡോക്ടർമാരുടെ കുറവ് മൂലം മാത്രം പരിയാരം മെഡിക്കൽ കോളജിലേക്ക് പറഞ്ഞുവിടുകയാണ്.
ഇത് രോഗികളെ കടുത്ത ദുരിതത്തിലാക്കുന്നു. സർക്കാർ മാറിയതിന് പിന്നാലെ ജില്ല ആശുപത്രിയിൽ മരുന്നുക്ഷാമവും രൂക്ഷമായി. വിലകൂടിയ മരുന്നുകൾ പുറത്തുനിന്ന് വാങ്ങേണ്ട ഗതികേടിലുമായി. മലയോരത്തെ പ്രധാന ആശ്രയമായ പൂടംകല്ല് താലൂക്ക് ആശുപത്രിയിലും ഡോക്ടർമാരുടെ ക്ഷാമം മൂലം രോഗികൾ ദുരിതത്തിലാണ്.
അടിയന്തരമായി ഇടപെട്ട് കലക്ടർ; പാണത്തൂരിൽ ഡോക്ടറുടെ സേവനം ലഭ്യമായി
പാണത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ ഡോക്ടറില്ലാത്തതിനെതുടർന്ന് സ്ഥാപനം അടച്ചിട്ടു എന്ന മാധ്യമ വാർത്തകളിൽ അടിയന്തരമായി ഇടപെട്ട് കലക്ടർ അർജുൻ പാണ്ഡ്യൻ. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിച്ച കലക്ടർ, പ്രാഥമികാരോഗ്യ കേന്ദ്രം പതിവുപോലെ വരും ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കണമെന്ന് നിർദേശം നൽകി.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല മെഡിക്കൽ ഓഫിസർ (ഡി.എം.ഒ) ഡോ. കെ. രേഖയോട് കലക്ടർ ആവശ്യപ്പെട്ടു. പാണത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ ഒ.പി പ്രവർത്തനം തടസ്സപ്പെടാതിരിക്കാനുള്ള മുൻകരുതൽ ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായി ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. നാഷനൽ ഹെൽത്ത് മിഷൻവഴി നിയമിതനായ പുതിയ ഡോക്ടറുടെ സേവനം ഇവിടെ ലഭ്യമാകുമെന്നും ഡി.എം.ഒ വ്യക്തമാക്കി.
പാണത്തൂരിൽ അവധിയിൽ പോയത് മൂന്ന് ഡോക്ടർമാർ
ആകെയുള്ള മൂന്ന് ഡോക്ടർമാരും അവധിയെടുത്ത് പോയതോടെ പാണത്തൂർ കുടുംബാരോഗ്യകേന്ദ്രം അടച്ചുപൂട്ടേണ്ടിവന്നത് ജില്ലയിലെ ഡോക്ടർക്ഷാമം പാരമ്യത്തിലെത്തിയതിന് തെളിവായി. ശനിയാഴ്ച മുതൽ ഇവിടെ ഒരു ഡോക്ടറുമുണ്ടായിരുന്നില്ല. ഓഫിസ് മാത്രം പ്രവർത്തിച്ചു. ആരോഗ്യവകുപ്പ് നിയമിച്ച രണ്ടുപേരും പഞ്ചായത്ത് നിയമിച്ച മൂന്ന് ഡോക്ടർമാരുമാണ് ഉണ്ടായിരുന്നത്. ഇവർ മൂന്നുപേരുമാണ് അവധിയിൽ പോയത്. മൂവരും പി.ജി പരീക്ഷ എഴുതുന്നതിന് അവധിയിൽ പ്രവേശിക്കുകയായിരുന്നു. ഡോക്ടർമാരുടെ സേവനം ഇല്ലെന്ന ബോർഡ് ആശുപത്രിക്ക് മുന്നിൽ സ്ഥാപിച്ചിട്ടുണ്ട്. കേരള, കർണാടക അതിർത്തി പ്രദേശത്തെ ഏക ആതുരാലയമാണിത്.


