റെയിൽവേ ട്രാക്കിൽ കല്ലും മരക്കഷണങ്ങളും; ഒരാൾ അറസ്റ്റിൽ
text_fieldsകാഞ്ഞങ്ങാട്: നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് കടന്നുപോകുന്ന സമയം ട്രാക്കിൽ കല്ലും മരക്കഷണങ്ങളുംവെച്ച് ട്രെയിൻ അപകടമുണ്ടാക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ഏലന്തൂർ സ്വദേശി ജോജി തോമസാണ് (30) ബേക്കൽ പൊലീസിന്റെ പിടിയിലായത്. കോട്ടിക്കുളം തൃക്കണ്ണാടിൽ ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് കടന്നുപോകുന്ന സമയം പുലർച്ചെ 1.40- 1.50നും ഇടയിലാണ് റെയിൽവേ ട്രാക്കിൽ കല്ലുകളും മരത്തടികളും കണ്ടത്.
നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് മരക്കഷണങ്ങൾക്കും കല്ലുകൾക്കും മുകളിൽ കൂടി കടന്നുപോയെങ്കിലും അപകടമില്ലാതെ രക്ഷപ്പെട്ടു. കളനാട് തുരങ്കത്തിലൂടെ രാത്രി ചൂട്ട് കത്തിച്ചുവന്ന പ്രതി, ചൂട്ട് ട്രാക്കിന് സമീപം ഇടുകയും ഇവിടെ പുല്ലിന് തീപിടിക്കുകയും ചെയ്തിരുന്നു. ഈഭാഗത്തും പാളത്തിൽ മരത്തടി വെച്ചു. മറ്റൊരു ട്രെയിനിന്റെ ലോക്കോ പൈലറ്റ് വിവരമറിയിച്ചതിനെത്തുടർന്ന് നടത്തിയ തിരച്ചിലിൽ പാളത്തിന് സമീപത്തുനിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയർ എൻ. രഞ്ജിത് കുമാർ നൽകിയ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൂടുതൽ അന്വേഷണം നടന്നുവരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.