നഗരം കൈയടക്കി തെരുവുനായ്ക്കൾ
text_fieldsകാഞ്ഞങ്ങാട്: നഗരം കൈയടക്കി തെരുവുനായ്ക്കൾ. പഴയ നഗരസഭ ബസ് സ്റ്റാൻഡ്, വ്യാപാര കേന്ദ്രമായ ടി.ബി റോഡിനും കോട്ടച്ചേരി ട്രാഫിക് സർക്കിളിനുമിടയിലാണ് നായ്ക്കൂട്ടങ്ങൾ വിഹരിക്കുന്നത്. നടപ്പാതകളും നായ്ക്കൾ കൈയേറി. കടകൾക്ക് മുന്നിൽ കൂട്ടത്തോടെ കിടക്കുന്നത് വ്യാപാരികൾക്കും ദുരിതമാകുന്നുണ്ട്.
വഴിയാത്രക്കാർ ഭീതിയോടെയാണ് ഇതിലെ സഞ്ചരിക്കുന്നത്. റോഡിലിറങ്ങുന്ന നായ്ക്കൾ വാഹന യാത്രക്കാർക്കും ഭീഷണിയാണ്. ഇതിനെതിരെ അധികാരികൾ നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ഹോസ്ദുർഗ് പുതിയകോട്ട ഭാഗത്ത് നായ് ശല്യം രൂക്ഷമാണ്. സർക്കാർ ഓഫിസ് പരിസരങ്ങളിലടക്കം ഇവ തമ്പടിക്കുന്നുണ്ട്. രാത്രി സമയങ്ങളിൽ ഇരുചക്ര വാഹന യാത്രക്കാർക്ക് നേരെയും നായ്ക്കൾ കുരച്ചുചാടുന്നതും പതിവാണ്.
നഗരസഭയിൽനിന്ന് ഇതിനെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. ആരോട് പരാതി പറയുമെന്നറിയാതെ കുഴയുകയാണ് ജനം. സമീപ പഞ്ചായത്തായ അജാനൂരിന്റെ പ്രധാന ഭാഗങ്ങളിലും നായ്ശല്യമുണ്ട്. കോഴികളെയും മറ്റ് വളർത്തുമൃഗങ്ങളെയും കൊന്നിട്ടുണ്ട്. കൂട്ടത്തോടെയെത്തുന്ന നായ്ക്കൾ കൂട് തകർത്ത് കോഴികളെയും മുയലുകളെയടക്കം കൊന്നുതിന്നുന്ന സംഭവങ്ങളുമുണ്ട്. കാഞ്ഞങ്ങാടിന്റെ മലയോര മേഖലകളിലും നായ്ശല്യം രൂക്ഷമാണ്.
സഹികെട്ട് പൊലീസും
കാഞ്ഞങ്ങാട്: ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ വളപ്പിൽ തമ്പടിച്ചിരിക്കുന്ന നായ്ക്കൂട്ടങ്ങളെ ഒഴിപ്പിക്കണമെന്ന് പൊലീസ് നഗരസഭയോട് ആവശ്യപ്പെട്ടു. പത്തോളം നായ്ക്കൾ വർഷങ്ങളായി ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ വളപ്പിലാണുള്ളത്. ഇവ ഇപ്പോൾ പെറ്റുപെരുകി കുഞ്ഞുങ്ങളടക്കം സ്റ്റേഷൻ വളപ്പിൽ തമ്പടിച്ചിരിക്കുകയാണ്. പൊലീസ് സ്റ്റേഷൻ, ഡിവൈ.എസ്.പി, ട്രാഫിക് പൊലീസ് സ്റ്റേഷൻ ഉൾപ്പെടുന്ന കോമ്പൗണ്ടിനുള്ളിലാണ് നായ്ക്കൾ വിഹരിക്കുന്നത്.
സ്റ്റേഷനിലെത്തുന്നവർക്ക് ഇവ ഭീഷണിയായിട്ടുണ്ട്. സ്റ്റേഷൻ വളപ്പിൽനിന്ന് രാത്രി റോഡിലേക്ക് കുരച്ചുചാടുന്ന നായ്ക്കൾ റോഡിലുടെ പോകുന്ന യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു. ഇരുചക്രവാഹന യാത്രക്കാർക്ക് നേരെ കുരച്ചുചാടുന്നതു മൂലം വാഹനം മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേൽക്കാറുണ്ട്.
സമീപ ദിവസങ്ങളിലായി രണ്ട് അപകടങ്ങളാണ് ഇവിടെ സംഭവിച്ചത്. പൊലീസുകാർ പഠിച്ചപണി പതിനെട്ടുനോക്കിയിട്ടും ഇവ സ്റ്റേഷൻ വളപ്പുവിട്ട് പോകാതായതോടെയാണ് ഒഴിപ്പിക്കാൻ പൊലീസ് നഗരസഭയുടെ സഹായം തേടിയത്.