ചെണ്ടുമല്ലി കൃഷിയിൽ വിജയഗാഥ
text_fieldsചെണ്ടുമല്ലി കൃഷി വിളവെടുപ്പ് അജാനൂർ പഞ്ചായത്ത് പ്രസിഡന്‍റ് വി.വി. തുളസി ഉദ്ഘാടനം ചെയ്യുന്നു
കാഞ്ഞങ്ങാട് : ഓണക്കാലം എത്തിയത്തോടെ നാടൻ പൂക്കൾക്ക് തേടി ആവശ്യക്കാരേറെ. ഇത് അനുഗ്രഹമാവുകയാണ് കുടുംബശ്രീ പ്രവർത്തകർക്ക്. അജാനൂർ കുടുംബശ്രീ മോഡൽ സി.ഡി.എസിലെ സൂര്യകാന്തി, തുളസി ജെ. എൽ ജി ഗ്രൂപ്പിലെ അംഗങ്ങൾ ചേർന്ന് രാവണേശ്വരം തെക്കേ പള്ളത്തെ പാടത്ത് വിരിയിച്ചത് വർണ്ണ വസന്തം. പൂപ്പാടത്ത് മഞ്ഞ ഓറഞ്ച് നിറങ്ങളിലുള്ള ചെണ്ടുമല്ലി വിളഞ്ഞതിന് ആവശ്യക്കാർ ഏറെയാണ്. അജാനൂർ സി.ഡി.എസ്, കൃഷിഭവൻ എന്നിവ നൽകിയ ചെണ്ടുമല്ലി തൈകൾ ഉപയോഗിച്ചാണ് കൃഷിയിറക്കിയത്. 30 സെന്റ് സ്ഥലത്ത് ചെയ്ത കൃഷിയിൽ നിന്നും 50 കിലോയിലധികം പൂക്കൾ ലഭിക്കുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. പൂക്കൾ വാങ്ങാനായി ആളുകൾ പൂപ്പാടത്ത് തന്നെ എത്തുന്നത് ഇവർക്ക് ആത്മവിശ്വാസം നൽകുന്നു.
കെ. ജ്യോതി, പി. പൂർണിമ, പി.കമല, എസ്. പൂർണിമ എന്നിവരടങ്ങുന്ന സൂര്യകാന്തി ജെ.എൽ.ജിയും കെ. വി. ഉഷ, സി.സരസ്വതി, ടി.അഞ്ചു, എൻ. എ. പ്രീതി, കെ. വി സ്മിഷ എന്നിവരടങ്ങുന്ന തുളസി ജെ. എൽ.ജിയുമാണ് ചെണ്ടുമല്ലി കൃഷിയുടെ അമരക്കാരായി പ്രവർത്തിച്ചത്. പൂപ്പാടത്ത് നടന്ന വിളവെടുപ്പ് ഉത്സവം അജാനൂർ പഞ്ചായത്ത് പ്രസിഡന്‍റ് വി.വി. തുളസി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ കെ. അശ്വിനി അധ്യക്ഷത വഹിച്ചു. അജാനൂർ കൃഷി ഓഫീസർ സന്തോഷ് ചാലിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ചു. വൈസ് ചെയർപേഴ്സൺ കെ. സുമതി നന്ദി പറഞ്ഞു. അഗ്രി സി.ആർ.പി. ശ്രുതി എ.ഡി.എസ്, സി.ഡി.എസ്, കുടുംബശ്രീ അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. അജാനൂർ പഞ്ചായത്തിന്റെ ഓണാഘോഷ പരിപാടികൾക്ക് ഓണപ്പൂക്കളം ഒരുക്കുന്നതിന് ആവശ്യമായ പൂക്കളും ഇവിടെ നിന്ന് തന്നെ വാങ്ങിയത് പൂകൃഷി ജെ. എൽ. ജികളുടെ പ്രയത്നങ്ങൾക്ക് പ്രോത്സാഹന്മായി.


