യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി; തമിഴ്നാട് സ്വദേശി പിടിയിൽ
text_fieldsരാമാമൃതം
കാഞ്ഞങ്ങാട്: യുവതിയെ കടക്കുള്ളിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി. ഗുരുതര നിലയിൽ യുവതിയെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശി പൊലീസ് പിടിയിലായി.
ഇന്നലെ വൈകീട്ട് മുന്നാട് ബേഡകം മണ്ണടുക്കയിലാണ് സംഭവം. മണ്ണടുക്കയിലെ രമിതക്കാണ് (27) പൊള്ളലേറ്റത്. 50 ശതമാനത്തിലേറെ പൊള്ളലേറ്റു. മണ്ണടുക്കയിൽ സ്റ്റേഷനറി കട നടത്തുകയാണ് സരിത.
തൊട്ടടുത്ത് ഫർണിച്ചർ കട നടത്തുന്ന രാമാമൃതമാണ് (57) തീ കൊളുത്തിയത്. ഒരു വർഷമായി പ്രതി ഇവിടെ സ്ഥാപനം നടത്തുകയാണ്. പ്രതിയോട് കട ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു. കട ഒഴിഞ്ഞ് സാധനവുമായി പോകുന്നതിനിടെയാണ് തീകൊളുത്തിയത്. കട തീവെച്ച് നശിപ്പിക്കുകയും ചെയ്തു. പ്രതി മോശമായി പെരുമാറിയതിനെ തുടർന്ന് കെട്ടിട ഉടമയോട് യുവതി പരാതി പറഞ്ഞിരുന്നു. ഇതേത്തുടർന്ന് കട ഒഴിപ്പിച്ചതിലുള്ള വിരോധമാണ് തീകൊളുത്താൻ കാരണം.