കയ്യൂർ രക്തസാക്ഷി സ്മാരകമന്ദിരത്തിന് അഞ്ചു കോടിയുടെ സാങ്കേതികാനുമതി
text_fieldsചെറുവത്തൂർ: സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി സാമ്രാജ്യത്വവിരുദ്ധ- ജന്മിത്വവിരുദ്ധ പോരാട്ടത്തിൽ രക്തസാക്ഷിത്വം വരിച്ച കയ്യൂർ രക്തസാക്ഷികളുടെ സ്മരണക്ക് കയ്യൂരിൽ നിർമിക്കുന്ന സ്മാരകമന്ദിരത്തിന് അഞ്ചു കോടി രൂപയുടെ സാങ്കേതികാനുമതി ലഭിച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ പ്രോജ്ജ്വല അധ്യായമായ കയ്യൂർസമരത്തിന്റെയും കയ്യൂർ രക്തസാക്ഷികളുടെയും സ്മരണ നിലനിർത്തുന്നതിനായി കയ്യൂർ രക്തസാക്ഷി സ്മാരക ട്രസ്റ്റ് നേരത്തേ നിർമാണമാരംഭിച്ച സ്മാരകസമുച്ചയത്തിന്റെ നിർമാണം പൂർത്തിയാക്കുന്നതിന് കേരളസർക്കാർ 2022-23 സാമ്പത്തികവർഷത്തെ ബജറ്റിൽ അഞ്ചു കോടി രൂപ അനുവദിച്ചിരുന്നു. ഇതേതുടർന്ന് പൊതുമരാമത്ത് സ്പെഷൽ ബിൽഡിങ്സ് മുഖേന പ്രവൃത്തിയുടെ വിശദപദ്ധതി റിപ്പോർട്ട് തയാറാക്കി സർക്കാറിന് സമർപ്പിച്ച് ഭരണാനുമതി ലഭ്യമാക്കിയിരുന്നു.
നിലവിൽ പൂർത്തീകരിക്കാനുള്ള കെട്ടിടത്തിന്റെ പൂരുദ്ധാരണത്തോടൊപ്പം കിച്ചണ്‍ കം ഡൈനിങ് ഹാള്‍, ഗെസ്റ്റ് റൂം, ഓപണ്‍ ഓഡിറ്റോറിയം, ചിൽഡ്രന്‍സ് പാർക്ക്, ചുറ്റുമതിൽ, ലാൻഡ് സ്കേപ്പിങ്, ഇന്റർലോക്ക്, കുഴൽക്കിണർ, ഇലക്ട്രിക്-പ്ലംബിങ് വർക്കുകള്‍ എന്നിവകൂടി ഉള്‍പ്പെടുന്നതാണ് പ്രവൃത്തി. നടപടി വേഗത്തിലാക്കാന്‍ പൊതുമരാമത്ത് സൂപ്രണ്ടിങ് എൻജിനീയർക്ക് നിർദേശം നൽകിയതതായി എം. രാജഗോപാലൻ എം.എൽ.എ അറിയിച്ചു.


