റെയിൽവേ സ്റ്റേഷൻ പാർക്കിങ് വാഹനങ്ങളിൽ മോഷണം പതിവ്
text_fieldsപ്രതീകാത്മക ചിത്രം
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പാർക്കിങ് സ്ഥലത്ത് നിർത്തിയിടുന്ന വാഹനങ്ങളിൽ മോഷണം പതിവായി. കഴിഞ്ഞ ദിവസവും വാഹനത്തിന്റെ ബോക്സ് മുറിച്ച് കവർച്ച നടത്തി. കാഞ്ഞങ്ങാട് കണ്ണൻസ് സ്റ്റാൻഡിലെ അലാമിപ്പള്ളി തെരുവത്തെ മുഹമ്മദ് അലിയുടെ ഓട്ടോയിലാണ് മോഷണം. ഡാഷ് ബോക്സ് കീറി മുറിച്ച് 500 രൂപ ചില്ലറ നാണയങ്ങൾ മോഷ്ടിച്ചു. രേഖകൾ ഉൾപ്പെടെ പുറത്തേക്ക് വലിച്ചിട്ടുണ്ട്. ഓട്ടോയിൽനിന്ന് മറ്റ് സാധനങ്ങൾ മോഷ്ടിക്കാനും ശ്രമം നടന്നു.
60 രൂപ പാർക്കിങ് ഫീസ് നൽകി കഴിഞ്ഞദിവസം ഉച്ചക്ക് നിർത്തിയിട്ടതായിരുന്നു. പുതിയ പാർക്കിങ് ഗ്രൗണ്ടിലാണ് നിർത്തിയിട്ടത്. തിരൂരിൽ പോയി രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്. റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിർത്തിയിടുന്ന വാഹനങ്ങളിൽ മോഷണം പതിവാണെന്ന് വ്യാപക പരാതിയുണ്ടെങ്കിലും നടപടിയുണ്ടാകുന്നില്ല.
കാറുകളിൽനിന്നും സാധനങ്ങൾ നഷ്ടപ്പെടുന്നുണ്ട്. ഫീസ് നൽകിയാണ് വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യുന്നത്. എന്നാൽ, ഫീസ് പിരിക്കുന്നവരാകട്ടെ മോഷണവിവരം പറഞ്ഞാൽ കൈമലർത്തുകയാണെന്ന് വാഹന ഉടമകൾ പറയുന്നു.