പറക്കളായിയിൽ വീട്ടുമുറ്റത്ത് പുലി; നായെ കൊന്നുതിന്നു
text_fieldsകാഞ്ഞങ്ങാട്: അമ്പലത്തറ പറക്കളായിയിൽ വീട്ടുമുറ്റത്ത് നിൽക്കുന്ന പുലിയുടെ സി.സി ടി.വി ദൃശ്യം ലഭിച്ചു. ഇവിടെ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന വളർത്തു നായെ പുലി കൊന്നുതിന്നു. പറക്കളായി കല്ലടം ചിറ്റയിലെ വികാസിന്റെ വളർത്തു നായെയാണ് തിങ്കളാഴ്ച രാത്രി പുലി പിടിച്ചത്.
നായുടെ അവശിഷ്ടങ്ങൾ സമീപത്ത് കണ്ടെത്തി. വീട്ടിലെ സി.സി ടി.വി കാമറയിൽ പുലിയുടെ വ്യക്തമായ ചിത്രം പതിഞ്ഞു. റോഡിൽ നിന്ന് വീട്ടുവളപ്പിലേക്ക് കയറി ഏറെനേരം ചുറ്റിക്കറങ്ങുന്ന പുലിയുടെ ദൃശ്യമാണ് ലഭിച്ചത്. അർധരാത്രിയിലാണ് പുലി മിനിറ്റുകളോടെ വീടിനു സമീപം ചുറ്റിക്കറങ്ങിയത്. ഇതോടെ നാട്ടുകാർ വലിയ ഭീതിയിലായിട്ടുണ്ട്.
വനപാലകർ സ്ഥലത്ത് പരിശോധന നടത്തി. ഒരു മാസം മുമ്പും പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു. പറക്കളായി, കോട്ടപ്പാറ, വാഴക്കോട് പ്രദേശങ്ങളിലായിരുന്നു പുലി സാന്നിധ്യമുണ്ടായിരുന്നത്. നായ്ക്കളെയും ആടുകളെയും പിടിച്ചിരുന്നുവെങ്കിലും പുലിയെ വ്യക്തമായി ആരും കണ്ടിരുന്നില്ല. വനപാലകർ സ്ഥാപിച്ച സി.സി ടി.വിയിലും പുലി കുടുങ്ങിയില്ല. ഒരു മാസത്തിന് ശേഷമാണ് പറക്കളായിയിൽ തിരിച്ചെത്തിയ പുലിയുടെ ദൃശ്യം ലഭിക്കുന്നത്.