പതിനൊന്ന് സംസ്ഥാനങ്ങളിലൂടെ സഞ്ചാരം; സൈക്കിൾറാലി ബേക്കൽ കോട്ടയിലെത്തി
text_fieldsസി.ഐ.എസ്.എഫ് സൈക്ലത്തൺ സംഘത്തെ തൃക്കരിപ്പൂർ സൈക്ലിങ് ക്ലബ് സ്വീകരിക്കുന്നു
കാഞ്ഞങ്ങാട്: കടൽവഴി നടത്തുന്ന ആയുധ-ലഹരിമരുന്ന് കടത്തിനെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി തീരദേശങ്ങളിലൂടെ സി.ഐ.എസ്.എഫ് നടത്തുന്ന സൈക്കിൾ റാലി കഴിഞ്ഞദിവസം ബേക്കൽ കോട്ടയിലെത്തി. പശ്ചിമബംഗാളിൽനിന്ന് ആരംഭിച്ച സൈക്കിൾ റാലി വിവിധ സംസ്ഥാനങ്ങളിലൂടെ 6553 കിലോമീറ്റർ സഞ്ചരിച്ച് കന്യാകുമാരിയിലാണ് അവസാനിക്കുന്നത്. ആവേശകരമായ സ്വീകരണമാണ് വിവിധ സംഘടനകൾ ഒരുക്കിയത്. വർധിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ കുട്ടികളെ ബോധവത്കരിക്കുക എന്ന ലക്ഷ്യവുമുണ്ട്. വിദ്യാർഥികൾ, ഹരിതകർമ പ്രവർത്തകർ, വ്യാപാരികൾ, പൊലീസ് എന്നിവർ ചേർന്ന് സ്വീകരിച്ച് പൊന്നാടയണിയിച്ചു. പിന്നീട് യാത്ര തുടർന്നു. ഇരുപതോളം പേരാണ് സംഘത്തിലുള്ളത്.
സ്വീകരണം നൽകി
‘സുരക്ഷിത തീരം, സമൃദ്ധ രാജ്യം’ സന്ദേശവുമായി കേന്ദ്ര വ്യവസായ സുരക്ഷസേന സംഘടിപ്പിച്ച കോസ്റ്റൽ സൈക്ലത്തണിന് തൃക്കരിപ്പൂർ രാജിവ് ഗാന്ധി സിന്തറ്റിക് ടർഫിൽ ഉജ്ജ്വല സ്വീകരണം. 6553 കിലോമീറ്റർ തീരദേശമാണ് 25 ദിവസം കൊണ്ട് ഇവർ പിന്നിടുന്ന ദൂരം. നിശ്ചിത സമയത്തിനും ഒരുമണിക്കൂർ മുമ്പാണ് യാത്ര സംഘം തൃക്കരിപ്പൂരിൽ എത്തിയത്. ടീം ലീഡർ സായി നായ്ക്കിന്റെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് കൊച്ചിയിലേക്ക് യാത്രതുടരുന്നത്.
വിവിധ പ്രദേശങ്ങൾ സഞ്ചരിച്ച് തിരൂർ വഴി 29ന് കൊച്ചിയിൽ പ്രവേശിക്കുന്ന രീതിയിലാണ് ക്രമീകരണം. തുടർന്ന് വിവിധ തീരപ്രദേശങ്ങൾ സഞ്ചരിച്ച് ആലപ്പുഴ വഴി കൊല്ലത്തും തുടർന്ന് കന്യാകുമാരിയിലും എത്തുന്നു. സ്വീകരണത്തിന് ഡോ. ഭാഗ്യശ്രീ ദേവി, സൈനുദ്ദീൻ, ടി.എം.സി. ഇബ്രാഹിം, മുഹമ്മദലി കുനിമ്മൽ, അബ്ദുല്ലക്കുട്ടി റോയൽ ഡെക്കർ, മുസ്തഫ മാത്താണ്ഡൻ, റഹ്മാൻ കാങ്കോൽ എന്നിവർ നേതൃത്വം നൽകി.