ഓട്ടോയിൽ കടത്തിയ 65 ലിറ്റർ മദ്യവുമായി രണ്ടുപേർ അറസ്റ്റിൽ
text_fieldsകെ.എ. ഷിബു, എം.വി. ജോബിൻസ്
കാഞ്ഞങ്ങാട്: ഓട്ടോറിക്ഷയിൽ കടത്തികൊണ്ടുപോവുകയായിരുന്ന 65 ലിറ്റർ മദ്യവുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കാൽ തിരുമേനി കോക്കടവിലെ എം.വി. ജോബിൻസ്, ഈസ്റ്റ് എളേരി കാറ്റാം കവലയിലെ കെ.എ. ഷിബു(48) എന്നിവരാണ് അറസ്റ്റിലായത്. മദ്യം കടത്താൻ ഉപയോഗിച്ച ഓട്ടോയും മൂന്ന് ചാക്കുകളിലായി ഉണ്ടായിരുന്ന മില്ലിയുടെ 130 കുപ്പികളിലായി സൂക്ഷിച്ച 65 ലിറ്റർ മദ്യവും പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രി ബന്തടുക്ക ചർച്ചിന് സമീപം റോഡിൽ വെച്ചാണ് മദ്യവുമായി പ്രതികളെ പിടികൂടിയത്.
ഒരാൾക്ക് മൂന്നര ലിറ്ററിൽ താഴെ മാത്രം വിൽപന ചെയ്യാവുന്ന ബീവറേജ് ഔട്ട് ലൈറ്റിലെ മദ്യം ഒറ്റയടിക്ക് ഇത്രയും എങ്ങനെ കിട്ടിയെന്നത് സംബന്ധിച്ച് പൊലീസ് പരിശോധിക്കുന്നുണ്ട്. ഏതെങ്കിലും ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നും അന്വേഷണം നടക്കുന്നു. ബന്തടുക്ക ഭാഗത്തെ ഒരു വീട്ടിൽ സൂക്ഷിച്ച മദ്യം ചിറ്റാരിക്കാൽ ഭാഗത്തേക്ക് കടത്തിക്കൊണ്ടു പോകുന്നതിനിടെയാണ് പിടിയിലായത്. പ്രതികൾ മദ്യം കടത്തുന്നതായി സൂചന ലഭിച്ചതിനെ തുടർന്ന് രണ്ട് തവണ പ്രതികളെ പിടിക്കാൻ പൊലീസ് ശ്രമം നടത്തിയിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി. ബേഡകം എസ്.ഐ എം. അരവിന്ദൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഇ. നാരായണൻ, രതീഷ്, സിവിൽ ഓഫിസർ രാഗേഷ് കുമാർ എന്നിവർ ചേർന്നാണ് മദ്യം പിടിച്ചത്.