ലഹരി വേട്ട, രണ്ടുപേർ കൂടി അറസ്റ്റിൽ; കൊറിയർ സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ
text_fieldsപിടിയിലായ പ്രതികൾ
കാഞ്ഞങ്ങാട്: അരക്കിലോ കഞ്ചാവുമായി രണ്ടു പേരെ ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. മാവുങ്കാൽ കല്യാൺ റോഡിലെ പി. ശ്രീശാന്ത് (23), കല്യാൺ റോഡിലെ എം. അശ്വിൻ(21) എന്നിവരെയാണ് പിടികൂടിയത്. കല്യാൺ റോഡ് തീയ്യനക്കൊത്തി റോഡിൽ നിന്ന് പ്ലാസ്റ്റിക് സഞ്ചിയിൽ കൊണ്ട് പോകുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രിയാണ് പിടികൂടിയത്. 523 .96 ഗ്രാം വരുന്ന 50 ഓളം പാക്കറ്റുകളാക്കിയായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എസ്.ഐ ടി. അഖിൽ ജൂനിയർ എസ്.ഐ പി.വി. വരുൺ, സീനിയർ സിവിൽ ഓഫിസർ എം. നിഷാദ്, ഡ്രൈവർ ഷബ്ജു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അതിനിടെ കാഞ്ഞങ്ങാട്ട് വൻ തോതിൽ കഞ്ചാവ് മിഠായിയെത്തുന്നതായി ഹോസ്ദുർഗ് റേഞ്ച് എക് സൈസിന് വിവരം ലഭിച്ചു. ഉത്തരേന്ത്യയിൽ നിന്ന് കൊറിയർ സ്ഥാപനങ്ങൾ വഴിയാണ് ലഹരി മിഠായിയെത്തുന്നത്. 448 ഗ്രാം കനാബിസ് (ഹാഷിഷ്) അടങ്ങിയ മിഠായിയുമായി കഴിഞ്ഞ ദിവസം അറസ്റ്റിലായ കാഞ്ഞങ്ങാട് സൗത്ത് തൈ വളപ്പിൽ എം.വി. ദിൽജിത്ത് (19) രണ്ട് മാസമായി എക്സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. പ്രതി പലതവണ സമാന രീതിയിൽ ലഹരി മിഠായി കൊറിയർ സ്ഥാപനം വഴി എത്തിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു നിരീക്ഷണം. ഓൺലൈൻ പാർസൽ വഴി വ്യാപകമായി ജില്ലയിലേക്ക് ലഹരിയെത്തുന്നുവെന്ന വിവരം എക്സൈസിനുണ്ട്.
എന്നാൽ ഇത് പിടികൂടുന്നതിന് എക്സൈസിന് പരിമിതികൾ ഏറെയാണ്. പിടി വീഴാതെ ലഹരിയെത്തിക്കാൻ കൊറിയർ സ്ഥാപനങ്ങൾ സുരക്ഷിത മാർഗമായി ലഹരി മാഫിയ തിരഞ്ഞെടുക്കുന്നുവെന്നാണ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന സൂചന. കോലുമിഠായി രൂപത്തിൽ പ്ലാസ്റ്റിക്ക് കവറുകളിലാക്കി മാലകൾ രൂപത്തിലാണ് ലഹരി മിഠായിയെത്തിയത്. വെള്ളിക്കോത്ത് നിന്ന് പ്രതിയെ തന്ത്ര പരമായി കുടുക്കുകയായിരുന്നു. പ്രതികളുമായി ബന്ധപ്പെട്ട ചിലരെ എക്സൈസ് ചോദ്യം ചെയ്ട്ടുണ്ട്.
ഡൽഹിയിൽ നിന്നുമാണ് പ്രതിക്ക് കഞ്ചാവ് മിഠായിയെത്തിയതെന്ന് എക്സൈസ് ഉറപ്പാക്കിയിട്ടുണ്ട്. കഞ്ചാവ് മിഠായികൾ കുട്ടികൾക്കിടയിൽ വിതരണം ചെയ്യുന്നതിന് എത്തിക്കുന്നതാണോയെന്നാണ് സംശയം. കൊറിയർ വഴി ലഹരി കടത്തുന്നതിനെതിരെ നിരീക്ഷണം ശക്തമാക്കുകയാണ് എക്സൈസ്. പൊലീസും എക്സൈസും പരിശോധന കർശനമാക്കുമ്പോഴും പുതുവഴികൾ തേടി ലഹരി മാഫിയ സംഘം ജില്ലയിലേക്ക് വ്യാപകമായി കഞ്ചാവും എം.ഡി.എം .എ യും എത്തിക്കുന്നു.