പൊലീസ് സംഘത്തിനുനേരെ അക്രമം; രണ്ടുപേർ അറസ്റ്റിൽ
text_fieldsകാഞ്ഞങ്ങാട്: വീട്ടിൽ മദ്യപിച്ച് ബഹളമുണ്ടാക്കുന്നതായി ഇ.ആർ.എസ്.എസ് വഴി ലഭിച്ച പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ചട്ടിയും കല്ലുമെറിഞ്ഞ് പരിക്കേൽപിച്ചു. ജീപ്പിനും വയർലെസ് സെറ്റിനും കേടുപാടുകൾ വരുത്തി. ചൊവ്വാഴ്ച രാത്രി 11ന് പനത്തടി ചാമുണ്ഡിക്കുന്നിലാണ് സംഭവം. രാജപുരം പൊലീസ് സ്റ്റേഷനിലെ അസി. സബ് ഇൻസ്പെക്ടർ മോൻസി പി. വർഗീസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കുനേരെയാണ് ആക്രമണം.
സംഭവവുമായി ബന്ധപ്പെട്ട് ചാമുണ്ഡിക്കുന്ന് ശിവപുരത്തെ പ്രമോദ്, സഹോദരൻ പ്രദീപ് എന്നിവർക്കെതിരെ രാജപുരം പൊലീസ് കേസെടുത്തു. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനാണ് കേസ്. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പട്രോളിങ് ഡ്യൂട്ടിയിലുണ്ടായ പൊലീസ് ഉദ്യോഗസ്ഥർ അടിയന്തര സന്ദേശം ലഭിച്ചാണ് ശിവപുരത്തെത്തിയത്. പൊലീസ് ഉദ്യോഗസ്ഥരെ കണ്ടപ്പോൾ പ്രകോപിതനായ പ്രമോദ് അവിടെയുണ്ടായിരുന്ന ചട്ടിയെടുത്ത് പൊലീസിനുനേരെ എറിഞ്ഞു.
പിന്നാലെ കല്ലേറും തുടങ്ങി. കല്ലേറിൽ എ.എസ്.ഐ മോൻസിക്ക് കാലിന് പരിക്കേറ്റു. മദ്യപിച്ച് വീട്ടിലെത്തി ഭാര്യയും പ്രായമായ അമ്മയെയും മക്കളെയും ശല്യംചെയ്യുന്നതിനെ തുടർന്നാണ് പൊലീസിന് ഫോൺ വന്നത്. വീട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ച പ്രമോദിനെ പിടിച്ചുനീക്കുന്നതിനിടെ നിലത്തുവീണ് ഉരുളുകയും ചെയ്തു. കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കാനായി പൊലീസ് സംഘം അൽപം മാറിനിന്നപ്പോൾ പിന്നാലെ പോയി കല്ലെറിയുകയും പൊലീസ് ജീപ്പിന്റെ ഒരുഭാഗത്തെ കണ്ണാടി നശിപ്പിക്കുകയും വയർലെസ് സെറ്റിന്റെ ആന്റിന വലിച്ചുപൊട്ടിക്കുകയും ചെയ്തു.
പ്രമോദിനൊപ്പം സഹോദരൻ പ്രദീപും പൊലീസിനെ ആക്രമിക്കാനുണ്ടായിരുന്നു. സിവിൽ പൊലീസ് ഓഫിസർമാരായ സജിത് ജോസഫ്, കെ.വി. നിതിൻ, ശശികുമാർ എന്നിവർക്കും പരിക്കേറ്റു. രണ്ടു പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി ഹോസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി