ഉണ്ണിത്താനെ അപമാനിച്ച സംഭവം: രണ്ടുപേർക്ക് സസ്പെൻഷൻ
text_fieldsകാസർകോട്: രാജ്മോഹൻ ഉണ്ണിത്താൻ എം.പിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പ്രവാസി കോൺഗ്രസ് ജില്ല പ്രസിഡൻറ് പത്മരാജൻ െഎങ്ങോത്ത്, കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി അനിൽ വാഴുന്നോറടി എന്നിവരെ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്തു. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന കാര്യങ്ങളാണ് ഇരുവരും ചെയ്തെന്ന് ചൂണ്ടിക്കാട്ടി ആറുമാസത്തേക്കാണ് സസ്പെൻഷൻ.
പാർട്ടിയിൽനിന്നു പുറത്താക്കാതിരിക്കാൻ ഇരുവരും ഒരാഴ്ചക്കകം വിശദീകരണം നൽകാനും കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പി നിർദേശിച്ചു. ഇരുവർക്കുമെതിരെ നടപടിയെടുത്തതായി കെ.പി.സി.സി പ്രസിഡൻറ് ഡി.സി.സിയെ അറിയിച്ചു. തിങ്കളാഴ്ച രാത്രിയാണ് രാജ്മോഹൻ ഉണ്ണിത്താൻ എം.പിയോട് മാവേലി എക്സ്പ്രസിൽ വെച്ച് അപമര്യാദയായി പെരുമാറിയ സംഭവം.
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽനിന്ന് ട്രെയിനിൽ വെച്ചാണ് പ്രവാസി കോൺഗ്രസ് നേതാവും സംഘവും എം.പിയെ അസഭ്യം പറയുകയും ആക്രമിക്കാൻ തയാറെടുക്കുകയും ചെയ്തത്. പാർലമെൻറ് സമ്മേളനത്തിൽ പെങ്കടുക്കാൻ ന്യൂഡൽഹിയിലേക്കു പുറപ്പെട്ടതായിരുന്നു എം.പി. അതിനിടെ, സംഭവത്തിൽ ഇരുവർക്കുമെതിരെ റെയിൽവേ പൊലീസ് കേസെടുത്തു.