തിങ്ങി നിറഞ്ഞ് ജയിലുകൾ; പുതിയ സ്ഥലം കണ്ടെത്താനാകാതെ വകുപ്പ്
text_fieldsകാഞ്ഞങ്ങാട്: പുതിയ ജില്ല ജയിലിന് സ്ഥലം കണ്ടെത്താനാകാതെ ജയിൽ വകുപ്പ് വലയുമ്പോൾ തടവുകാരെ കൊണ്ടു നിറഞ്ഞ് ജില്ലയിലെ ജയിലുകൾ. കാഞ്ഞങ്ങാട് ജില്ല ജയിൽ, കാസർകോട് സ്പെഷൽ സബ് ജയിൽ, ചീമേനി തുറന്ന ജയിൽ എന്നിങ്ങനെ മൂന്നു ജയിലുകളാണ് ജില്ലയിലുള്ളത്. ചീമേനിയിൽ റിമാൻഡ് തടവുകാരെ പാർപ്പിക്കാൻ സാധിക്കില്ല. കാഞ്ഞങ്ങാട്ട് നൂറുപേരെ മാത്രം പാർപ്പിക്കാനുള്ള സൗകര്യമേയുള്ളൂ. എന്നാൽ 150ൽ പരം തടവുകാർ ഇവിടെ കഴിയുന്നുണ്ട്. കാസർകോട് 70 തടവുകാരെ മാത്രം പാർപ്പിക്കാനുള്ള സൗകര്യമേയുള്ളൂ.
ജില്ലയിൽ 200 തടവുകാരെ പാർപ്പിക്കാൻ സൗകര്യമുള്ള തരത്തിൽ ജില്ല ജയിൽ സ്ഥാപിക്കണമെന്ന ജയിൽ വകുപ്പിെൻറ തീരുമാനത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ജില്ലയിൽ എവിടെയെങ്കിലും സ്ഥലം വിട്ടു നൽകിയാൽ പകരം സ്ഥലം നൽകാമെന്നും നിലവിൽ ജില്ല ജയിൽ സ്ഥിതി ചെയ്യുന്ന ചെമ്മട്ടംവയലിലെ കെട്ടിടം ജില്ല ആശുപത്രിയുടെ വികസനത്തിനായി വിട്ടു നൽകാമെന്നും ജയിൽ വകുപ്പ് അറിയിച്ചിരുന്നു.
ചട്ടഞ്ചാലിന് സമീപത്തെ വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥലമാണ് ജയിലിനു വേണ്ടി ആദ്യം പരിഗണിച്ചത്. എന്നാൽ പല കാരണങ്ങൾ കൊണ്ടും അത് നടന്നില്ല. പിന്നീട് പെരിയയിൽ പ്ലാേൻറഷൻ കോർപറേഷെൻറ കീഴിലുള്ള പത്തേക്കർ സ്ഥലം വിട്ടുകിട്ടുന്നതിനായി ചീമേനി ജയിൽ സൂപ്രണ്ട് ആർ.സാജൻ സി.എച്ച്. കുഞ്ഞമ്പു എം.എൽ.എയുമായി ചർച്ച നടത്തിയിരുന്നു. എം.എൽ.എ താൽപര്യം പ്രകടിപ്പിച്ചെങ്കിലും പ്ലാേന്റഷൻ കോർപറേഷെൻറ ഭാഗത്തു നിന്നും അനുകൂലമായ തീരുമാനം ഇതുവരെയും വന്നിട്ടില്ല. ഒരിടത്തും അനുയോജ്യമായ സ്ഥലം കിട്ടിയില്ലെങ്കിൽ ചീമേനി തുറന്ന ജയിൽ വളപ്പിൽ തന്നെ ജയിൽ സ്ഥാപിക്കാനുള്ള നടപടിയുമായി മുന്നോട്ടു പോകാനാണ് ജയിൽ വകുപ്പ് ഒരുങ്ങുന്നത്.