കുമ്പള ടോളിലെ അറസ്റ്റ്; എഫ്.ഐ.ആറിൽ വാസ്തവ വിരുദ്ധത സമ്മതിച്ച് പൊലീസ്
text_fieldsകുമ്പള: കുമ്പള ടോളിലെ അറസ്റ്റ് എഫ്.ഐ.ആറിൽ വാസ്തവ വിരുദ്ധത സമ്മതിച്ച് ജില്ല പൊലീസ് മേധാവി. കുമ്പള ടോളിൽ വച്ച് ബലാൽക്കാരമായി കാറിൽനിന്ന് പൊലീസ് സംഘം കസ്റ്റഡിയിലെടുത്ത യുവാവിന്‍റെ പേരിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ അവാസ്തവം പൊലീസ് എഴുതി ചേർത്തതായി ജില്ല പൊലീസ് മേധാവി സമ്മതിച്ചു.
യുവാവ് പൊലിസിനെ അക്രമിക്കാൻ വന്നുവെന്നാണ് എഫ്.ഐ.ആറിൽ എഴൂതിച്ചേർത്തത്. സംഭവത്തിൽ ഹൈകോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അടിയന്തിരമായി അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആറിൽ കൃത്യമായ വസ്തുതകൾ എഴുതി ചേർക്കുന്നത്തതിൽ ഉത്തരവാദപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി കണ്ടെത്തി. എഫ്.ഐ.ആറിലെ പിഴവ് തിരുത്തി തുടർനടപടി സ്വീകരിക്കുമെന്ന് അഡ്വ. കുളത്തൂർ ജയ്സിങ് നൽകിയ മറുപടി കത്തിൽ ജില്ല പൊലീസ് മേധാവി വ്യക്തമാക്കുന്നു.
കുമ്പള ടോൾ ബൂത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കിയതിനാണ് യുവാവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടതെന്നും ടോൾ ബൂത്തിൽനിന്ന് അധികൃതർ വിളിച്ചുപറഞ്ഞിട്ടാണ് പൊലീസ് സംഘം എത്തിയതെന്നും കാറിന്‍റെ താക്കോൽ യുവാവ് നൽകാത്തതിന് കാരണം വാഹനത്തെ ടോൾ ബൂത്തിൽനിന്ന് തള്ളിമാറ്റി ഗതാഗതക്കുരുക്ക് ഒഴിവാക്കുകയാണ് പൊലീസ് ചെയ്തതെന്നും അഡ്വ. കുളത്തൂർ ജയ്സിങ് നൽകിയ മറുപടി കത്തിൽ പറയുന്നു.


