കുമ്പളയിൽ നട്ടുച്ചക്കും കൺതുറന്ന് ഹൈമാസ്റ്റ് വിളക്കുകൾ
text_fields1. കുമ്പള സ്കൂൾ മൈതാനത്ത് ഉച്ചനേരത്തും കത്തിക്കൊണ്ടിരിക്കുന്ന ഹൈമാസ്റ്റ് വിളക്ക്, 2. ബായ്ക്കട്ട ജങ്ഷനിൽ പകൽസമയത്ത് കത്തിക്കൊണ്ടിരിക്കുന്ന ഹൈമാസ്റ്റ് വിളക്ക്
കുമ്പള: ടൗണിൽ നട്ടുച്ച നേരത്തും കൺതുറന്ന് ഹൈമാസ്റ്റ് വിളക്കുകൾ. കുമ്പള ഗവ. ഹയർസെക്കൻഡറി സ്കൂളിന് സമീപം രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ വികസന ഫണ്ടിൽനിന്ന് നിർമിച്ച ഹൈമാസ്റ്റ് വിളക്കുകളാണ് ഉച്ചനേരത്തും കത്തിക്കൊണ്ടിരിക്കുന്നത്. സമാനമായ രീതിയിൽ കുമ്പള പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഹൈമാസ്റ്റുകളും തെരുവ് വിളക്കുകളും രാപ്പകൽ ഭേദമന്യേ കത്തിക്കൊണ്ടിരിക്കുന്നത് നിത്യകാഴ്ചയാണ്. കുമ്പള ബായ്ക്കട്ടയിൽ എ.കെ.എം. അഷറഫ് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച ഹൈമാസ്റ്റ് രാത്രിയും പകലും കത്തിക്കൊണ്ടിരിക്കുന്നുണ്ട്.
വൈദ്യുതി ഉപയോഗത്തിലെ നിയന്ത്രണത്തിനു വേണ്ടി കാമ്പയിനുകൾ നടക്കുന്ന സമയത്ത് തന്നെയാണ് കെ.എസ്.ഇ.ബിയുടെയും പഞ്ചായത്തിന്റെയും അനാസ്ഥ മൂലം വൈദ്യുതി പാഴായിക്കൊണ്ടിരിക്കുന്നത്. നിലവിൽ ജില്ലയുടെ മിക്കപ്രദേശങ്ങളിലും രൂക്ഷമായ വൈദ്യുതിക്ഷാമം അനുഭവപ്പെടുന്നുണ്ട്. വടക്കുഭാഗങ്ങളിൽ കർണാടകയിൽ നിന്നും വാങ്ങുന്ന വൈദ്യുതിയാണ് വിതരണം ചെയ്യുന്നത്. വൈദ്യുതി നിയന്ത്രണവും ഉപയോഗത്തിലെ സൂക്ഷ്മതയും വീട്ടാവശ്യങ്ങൾക്കുള്ള വൈദ്യുതിയിൽ മാത്രം മതിയോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. വൈദ്യുതി പാഴാകാതിരിക്കാൻ കെ.എസ്.ഇ.ബിയും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജാഗ്രത പുലർത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.