കുമ്പള ബസ് സ്റ്റാൻഡ്: നാലാമത് ഭരണസമിതിയും പടിയിറങ്ങുന്നു
text_fieldsബസ് സ്റ്റാൻഡും ഷോപ്പിങ് കോംപ്ലക്സും പണിയേണ്ട
കുമ്പളയിലെ പഴയ ബസ് സ്റ്റാൻഡ് കെട്ടിട പരിസരം.
മൊഗ്രാൽ: ഭരണസമിതിക്കുള്ളിലെ എതിർപ്പും രാഷ്ട്രീയ ഇടപെടലുംകൊണ്ട് കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി കുമ്പളയിൽ മുടങ്ങിക്കിടക്കുന്ന പദ്ധതിയാണ് കുമ്പള ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ്. യു.പി. താഹിറ യൂസുഫിന്റെ നാലാമത് ഭരണസമിതിയാണ് ഇപ്പോൾ പ്രസ്തുതവിഷയത്തിൽ വാഗ്ദാനം നിറവേറ്റാനാകാതെ പടിയിറങ്ങുന്നത്. നിർമാണത്തിനാവശ്യമായ ഫണ്ട് ഈവർഷം വാർഷിക പദ്ധതിയിലുൾപ്പെടുത്തി നീക്കിവെച്ചുവെന്നും കരാർ നൽകിയെന്നും പറഞ്ഞെങ്കിലും എപ്പോൾ നടപ്പിൽവരുമെന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. ടെൻഡർ നടപടികളില്ലാതെ കരാർ നൽകിയതിലും ആക്ഷേപവുമുണ്ട്.
നേരത്തെ 2005-10 കാലഘട്ടത്തിൽവന്ന എം. അബ്ബാസ് ആരിക്കാടിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് കുമ്പള ബസ് സ്റ്റാൻഡിൽ വിശാലമായ ബസ് സ്റ്റാൻഡ് കെട്ടിടവും ഷോപ്പിങ് കോംപ്ലക്സും നിർമിക്കാൻ നടപടി ആരംഭിച്ചത്. എന്നാൽ, ബസ് സ്റ്റാൻഡിനകത്തുള്ള വ്യാപാരികൾ എതിർപ്പ് പ്രകടിപ്പിച്ചതോടെ എം. അബ്ബാസിന്റെ ദൗത്യം പരാജയപ്പെടുകയായിരുന്നു. പിന്നീട് വന്ന 2010-15 വർഷത്തെ പി.എച്ച്. റംല പ്രസിഡന്റായുള്ള ഭരണസമിതിയും വാഗ്ദാനം പാലിച്ചില്ല.
പഴയ ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഭാഗങ്ങൾ ഇടിഞ്ഞുവീഴാൻ തുടങ്ങിയപ്പോൾ നാട്ടുകാരുടെ ഇടപെടലുണ്ടായി. പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം കെട്ടിടത്തിന് അൺഫിറ്റ് സർട്ടിഫിക്കറ്റും നൽകി. എന്നിട്ടും പഞ്ചായത്തധികൃതർ കെട്ടിടം പൊളിച്ചുമാറ്റാൻ തയാറായില്ല. നാട്ടുകാരും രാഷ്ട്രീയപാർട്ടികളും പ്രതിഷേധങ്ങളുയർത്തി സമരപരിപാടികൾ സംഘടിപ്പിച്ചു. കെട്ടിടത്തിലേക്കുള്ള പ്രവേശനം സി.പി.എം പ്രവർത്തകർ വലിയ കല്ലുകൾ വെച്ച് തടഞ്ഞു. ഇതോടെ കെട്ടിടം പൊളിച്ചുമാറ്റാൻ പഞ്ചായത്തധികൃതർ നിർബന്ധിതരായി.
2015-20ൽ പ്രസിഡന്റായി വന്ന പണ്ഡരീകാക്ഷ നിർമാണത്തിനായി ഇടപെടല്് നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് 2020-25 കാലയളവിൽ പ്രസിഡന്റായിവന്ന യു.പി. താഹിറ യൂസഫും പദ്ധതി പൂർത്തിയാക്കാതെയാണ് പടിയിറങ്ങുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഈ വിഷയം തന്നെ ഉയർത്തിക്കാണിച്ചായിരിക്കും പ്രതിപക്ഷ പാർട്ടികളായ ബി.ജെ.പിയും സി.പി.എമ്മും യു.ഡി.എഫിനെതിരെ തെരഞ്ഞെടുപ്പ് പ്രചാരണമാക്കുക എന്ന് വ്യക്തം. അതിനിടെ 2020-25 കാലയളവിൽ വികസനപദ്ധതികളിൽ തെളിവുകൾ നിരത്തി വൻ അഴിമതി ആരോപണങ്ങളുന്നയിച്ചത് മുസ് ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ് എന്നുള്ളതും പ്രതിപക്ഷത്തിന് വലിയ ആയുധമാണ്.


