മേൽക്കൂരയില്ലാതെ കുമ്പള റെയിൽവേ സ്റ്റേഷൻ
text_fieldsപ്ലാറ്റ്ഫോമിന് മേൽക്കൂരയില്ലാത്ത കുമ്പള റെയിൽവേ സ്റ്റേഷൻ
കുമ്പള: റെയിൽവേ സ്റ്റേഷനുകളെല്ലാം മാറ്റത്തിന്റെ മുഖമണിയുമ്പോൾ കുമ്പള ഇപ്പോഴും മേൽക്കൂരയില്ലാതെ യാത്രക്കാരെ വെയിലും മഴയും കൊള്ളിക്കുന്നു. സ്റ്റേഷനിൽ വർഷങ്ങളായി വേനൽക്കാലത്ത് വെയിലേറ്റും മഴക്കാലത്ത് മഴ നനഞ്ഞും ട്രെയിൻ കയറേണ്ട ദുരിതാവസ്ഥയിലാണ് യാത്രക്കാർ.
വിദ്യാർഥികളും സ്ത്രീകളും കുട്ടികളും രോഗികളുമായ യാത്രക്കാരാണ് ദുരിതം നേരിടുന്നത്. പ്ലാറ്റ്ഫോമിന് മേൽക്കൂര വേണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷനും സന്നദ്ധ സംഘടനകളും നാട്ടുകാരും ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. മറ്റുള്ള അടിസ്ഥാനസൗകര്യ വികസനത്തിൽ അവഗണന തുടരുമ്പോഴും ഫ്ലാറ്റ്ഫോമിന് മേൽക്കൂരയെങ്കിലും വേണമെന്ന ആവശ്യം പോലും അനുവദിക്കാൻ റെയിൽവേ അധികൃതർ തയാറാകുന്നില്ല.
നിലവിൽ ഓഫിസ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് 100 മീറ്ററിൽ മാത്രമാണ് സ്റ്റേഷനിൽ പ്ലാറ്റ്ഫോമിന് മേൽക്കൂരയുള്ളത്. രണ്ടാം പ്ലാറ്റ്ഫോമിലും ഇതുതന്നെയാണ് സ്ഥിതി. രണ്ടു ഭാഗത്തും കുറഞ്ഞത് 500 മീറ്ററിലെങ്കിലും മേൽക്കൂര വേണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി തവണ റെയിൽവേ സ്റ്റേഷന്റെ നിലവിലെ ശോച്യാവസ്ഥ ജനപ്രതിനിധികളെയും റെയിൽവേ അധികൃതരെയും അറിയിച്ചിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന ആക്ഷേപം നാട്ടുകാർക്കും യാത്രക്കാർക്കുമുണ്ട്. ദീർഘദൂര ട്രെയിനുകൾക്ക് പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ മലബാർ ഭാഗത്തുനിന്ന് കുമ്പളയിലൂടെ കടന്നുപോകുന്ന ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യത്തിനും പഴക്കമുണ്ട്.
മഴ കനത്തതോടെ പ്ലാറ്റ്ഫോമിന് മേൽക്കൂര ഇല്ലാത്തതിന്റെ ദുരിതം അനുഭവിക്കുകയാണ് വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർ. കുമ്പളയിൽ നിലവിൽ ചുരുക്കം ചില ട്രെയിനുകൾക്ക് മാത്രമാണ് സ്റ്റോപ്പുള്ളത്. അതിൽ കയറിപ്പറ്റാൻ തന്നെ പ്രയാസമുണ്ടാക്കുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്. ഫ്ലാറ്റ്ഫോമിന് മേൽക്കൂര നിർമിക്കാൻ അടിയന്തര നടപടി വേണമെന്നാണ് പാസഞ്ചേഴ്സ് അസോസിയേഷന്റെയും സന്നദ്ധ സംഘടനകളുടെയും ആവശ്യം.