കുമ്പള ടോൾ ബൂത്ത്; ഇന്നു മുതൽ ഫീസ് ഈടാക്കും
text_fieldsകുമ്പള ടോൾ ബൂത്ത്
കുമ്പള: ദേശീയപാത 66ൽ കുമ്പളയിൽ സ്ഥാപിച്ച ടോൾ പ്ലാസയിൽ ബുധനാഴ്ച മുതൽ യൂസർ ഫീസ് ഈടാക്കുമെന്ന് അധികൃതർ. മാധ്യമ പരസ്യങ്ങളിലൂടെയാണ് കരാറുകാർ വിവരം ജനങ്ങളെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യുന്നതിന് ടോൾ വിരുദ്ധ കർമസമിതി എ.കെ.എം അഷ്റഫ് എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. കേന്ദ്രസർക്കാറിന്റെ അനുമതി കൂടാതെയാണ് കരാറുകാർ ടോൾ പിരിവ് നടത്തുന്നതെന്ന് യോഗം വിലയിരുത്തി. ഇത്തരം അനധികൃത നീക്കം എന്തുവില കൊടുത്തും ചെറുക്കാനും ടോൾ പിരിവ് തടയാനും യോഗത്തിൽ തീരുമാനമായി.
കുമ്പളയിൽനിന്ന് ടോൾ കടന്ന് മംഗളൂരു ഭാഗത്തേക്ക് കാറിൽ യാത്ര ചെയ്യണമെങ്കിൽ കുമ്പളയിൽ 85ഉം തലപ്പാടിയിൽ 55ഉം രൂപ നൽകണം. 24 മണിക്കൂറിനകം തിരിച്ചുപോരുന്നുവെങ്കിൽ 45 രൂപ കുമ്പളയിലും 25 രൂപ തലപ്പാടിയിലും കൂടുതൽ നൽകണം. ഇന്ധനച്ചെലവ് കൂടാതെ കുമ്പള ടൗണിൽനിന്ന് മംഗളൂരു സിറ്റിയിലേക്ക് പോയി തിരിച്ചുവരാൻ 210 രൂപ ചെലവുവരും.
സർവിസ് ബസിനെയോ ട്രെയ്നിനെയോ ആശ്രയിച്ചാൽ ടിക്കറ്റിനത്തിൽ എഴുപതോളം രൂപയും ഇന്ധനച്ചെലവ് വേറെയും ലാഭിക്കാമെന്നതാണ് സ്ഥിതി. അതേസമയം ടോളുമായി ബന്ധപ്പെട്ട കേസ് വെള്ളിയാഴ്ച കോടതി പരിഗണിക്കുമെന്നും അതുവരെ ടോൾ പിരിവ് ഉണ്ടാവുകയില്ലെന്നും ജില്ല കലക്ടറും ജില്ല പൊലീസ് മേധാവിയും തന്നെ ഫോണിൽ ബന്ധപ്പെട്ട് ഉറപ്പ് നൽകിയതായും എം.എൽ.എ അറിയിച്ചു.


