കുമ്പള റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റ് നിർമാണം പുരോഗമിക്കുന്നു
text_fieldsകുമ്പള റെയിൽവേ സ്റ്റേഷനിൽ പുരോഗമിക്കുന്ന ലിഫ്റ്റ് നിർമാണം
കുമ്പള: രണ്ട് പ്ലാറ്റ് ഫോമുകളുള്ള കുമ്പള റെയിൽവേ സ്റ്റേഷനിൽ വയോധികരായ യാത്രക്കാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും പ്രയാസം കൂടാതെ പ്ലാറ്റ് ഫോമുകളിലേക്ക് പോകാനുള്ള ലിഫ്റ്റ് നിർമാണം അന്തിമഘട്ടത്തിൽ. ഏകദേശം 80ശതമാനം ജോലികൾ പൂർത്തിയായി. കുമ്പളയിൽ ഘട്ടം, ഘട്ടമായി വികസന പദ്ധതികൾ നടപ്പാക്കുമെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്.
ഇതിന്റെ ഭാഗമായാണ് പ്ലാറ്റ് ഫോ മോടി പിടിപ്പിച്ചതും ആവശ്യത്തിന് ഇരിപ്പിടം ഒരുക്കിയതും യാത്രക്കാർക്കായി ശൗചാലയം ഉൾപ്പെടെയുള്ള വിശാലമായ വിശ്രമകേന്ദ്രം ഒരുക്കിയതും. വികസനത്തിന്റെ മൂന്നാംഘട്ടത്തിന്റെ ഭാഗമായാണ് ഇപ്പോൾ ലിഫ്റ്റ് നിർമാണം നടത്തുന്നത്. ഏകദേശം 37 ഏക്കറോളം സ്ഥലമാണ് കുമ്പളയിൽ റെയിൽവേക്കുള്ളത്. ഈ സ്ഥലം ഉപയോഗപ്പെടുത്തി കുമ്പള റെയിൽവേ സ്റ്റേഷനെ സാറ്റലൈറ്റ് സ്റ്റേഷനാക്കി ഉയർത്തണമെന്നാണ് ആവശ്യം.
ഇതുസംബന്ധിച്ച് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനും സന്നദ്ധ സംഘടനകളും വ്യാപാരി സംഘടനകളും നാട്ടുകാരും നിരന്തരമായി നിവേദനം നൽകിവരുന്നുണ്ട്.
കുമ്പളയിലെയും സമീപത്തെ ഏഴോളം വരുന്ന പഞ്ചായത്തുകളിലെയും ജനങ്ങൾ ട്രെയിൻ മാർഗമുള്ള യാത്രക്കായി ആശ്രയിക്കുന്നത് കുമ്പള റെയിൽവേ സ്റ്റേഷനെയാണ്. മംഗളൂരു കോളജുകളെ ആശ്രയിക്കുന്ന വിദ്യാർഥികളും ആശുപത്രികളിലേക്ക് പോകുന്ന രോഗികളും വ്യാപാര ആവശ്യങ്ങൾക്കായി പോകുന്ന കച്ചവടക്കാരും നിത്യേന ആശ്രയിക്കുന്നത് കുമ്പള റെയിൽവേ സ്റ്റേഷനെയാണ്.
പ്ലാറ്റ് ഫോമിൽ മേൽകൂരയുടെ അഭാവവും യാത്രക്കാരെ ദുരിതത്തിലാക്കുന്നുണ്ട്. വെയിലും മഴയും കൊണ്ടാണ് യാത്രക്കാർ ട്രെയിൻ കാത്തുനിൽക്കേണ്ടത്. ഏറ്റവും ഒടുവിൽ ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ച പദ്ധതികളിലൊന്നാണ് കുമ്പള റെയിൽവേ സ്റ്റേഷൻ സ്ഥലത്തെ ടർഫ് മൈതാനം.
റെയിൽവേ സ്ഥലങ്ങൾ കാടുമൂടി കിടക്കുന്ന അവസ്ഥയിൽ റെയിൽവേക്ക് വരുമാനം പ്രതീക്ഷിച്ചുകൊണ്ടാണ് ദക്ഷിണ റെയിൽവേ സ്വകാര്യ ഏജൻസികൾക്ക് ടർഫ് മൈതാനം പണിയാനായി കുമ്പള ഉൾപ്പെടെ ജില്ലയിൽ മാത്രം അഞ്ച് റെയിൽവേ സ്റ്റേഷനുകളെ പരിഗണിച്ചിട്ടുള്ളത്.


