ട്രെയിൻ കാത്തിരിക്കുന്നവർക്ക് കൂട്ട് പ്ലാസ്റ്റിക് കത്തുന്ന വിഷപ്പുക
text_fieldsകുമ്പള റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നു
കുമ്പള: കുമ്പള സ്റ്റേഷനിൽ തീവണ്ടി കാത്തിരിക്കുന്നവർക്ക് കൂട്ട് പ്ലാസ്റ്റിക് മാലിന്യം കത്തുന്ന വിഷപ്പുക. പ്ലാസ്റ്റിക്ക് ശേഖരിക്കാൻ ഗ്രാമ പഞ്ചായത്തുകളിൽ ഹരിത സേനകൾ തുനിഞ്ഞിറങ്ങിയാലും പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിക്കുന്നതിന് ഒരുകുറവുമില്ല. പ്ലാസ്റ്റിക് വലിച്ചെറിയുന്നതിനും കത്തിക്കുന്നതിനുമൊക്കെ വലിയ ശിക്ഷാനടപടികളാണ് ബന്ധപ്പെട്ടവർ സ്വീകരിച്ചുവരുന്നത്. നഗരസഭയും ഗ്രാമപഞ്ചായത്തുകളും എൻഫോഴ്സ്മെന്റ് സ്ക്വഡുമൊക്കെ വലിയ പിഴയാണ് ചുമത്തുന്നത്. എന്നാൽ മാലിന്യം വലിച്ചെറിയുന്നതും കത്തിക്കുന്നതും തുടരുകയാണ്.
ദിനേന ആയിരക്കണക്കിനാളുകൾ യാത്ര ചെയ്യുന്ന കുമ്പള റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിക്കുന്നത് യാത്രക്കാർക്ക് ദുരിതമാകുകയാണ്. വിഷപ്പുക ശ്വസിച്ചുവേണം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തിരിക്കാൻ. പ്ലാസ്റ്റിക്ക് കത്തിക്കാൻ സൗകര്യപ്രദമായ സ്ഥലമായി സ്റ്റേഷൻ പരിസരത്തെ ദുരുപയോഗിക്കുകയാണ്. കുമ്പള ദേശീയപാതയോരം വലിയ മാലിന്യകൂമ്പാരമായി മാറിയിരുന്നു. തദ്ദേശ വകുപ്പിന്റെ കടുത്ത നടപടികളെ തുടർന്ന് മാലിന്യം തള്ളുന്നതിൽ കുറവു വന്നിരുന്നു. അതിനിടയിലാണ് റെയിൽവേ സ്റ്റേഷൻ പരിസരത്തെ വിഷപ്പുക ദുരിതമാകുന്നത്.