വിവാദമായി കുമ്പളയിലെ ബസ് ഷെൽട്ടർ നിർമാണം
text_fieldsകുമ്പള: കുമ്പളയിൽ നിർമിച്ച ബസ് ഷെൽട്ടറിന്റെ ബില്ല് ഭീഷണിപ്പെടുത്തി പാസാക്കിയെടുക്കാൻ ഒരു സംഘം ശ്രമിക്കുന്നുവെന്ന ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ വാട്സ് ആപ് ഗ്രൂപ്പ് കുറിപ്പ് ചോർന്നു.പഞ്ചായത്ത് സെക്രട്ടറി സുമേശന്റെ കുറിപ്പാണ് വിവാദമായത്.
ഷെൽട്ടർ നിർമിക്കുന്നത് ബിനാമി കരാറുകാരാണെന്ന സംശയം ബലപ്പെടുത്തുന്നതാണ് കുറിപ്പ്. തിരുവനന്തപുരത്തുള്ള കരാറുകാരനുവേണ്ടി കുമ്പളയിലെ ചിലരാണ് ബില്ല് പാസാക്കാൻ ഭീഷണിപ്പെടുത്തുന്നതെന്നാണ് കുറിപ്പിലുള്ളത്. കുമ്പള ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെട്ട് ഭരണം നടത്തുന്ന മുസ്ലിം ലീഗിലെ ചില നേതാക്കൾക്കെതിരെ ജില്ല കമ്മിറ്റി നടപടിയെടുത്തിരുന്നു.
ഇത് തൽക്കാലം മരവിപ്പിച്ച് നിർത്തിയിരിക്കെയാണ് പുതിയ വിവാദം. ചൊവ്വാഴ്ചയാണ് വിവാദമായ സന്ദേശം സെക്രട്ടറി പോസ്റ്റ് ചെയ്തത്. ബസ് ഷെൽട്ടർ നിർമാണവുമായി ബന്ധപ്പെട്ട് ബില്ല് ഉടൻ പാസാക്കിത്തരണമെന്ന് ആവശ്യപ്പെട്ട് റഫീഖ് എന്ന ആളുടെ നേതൃത്വത്തിൽ രണ്ടംഗ സംഘം സെക്രട്ടറിയുടെ കാബിനിൽ കയറി ഭീഷണിപ്പെടുത്തിയതായി സെക്രട്ടറി വാട്സ്ആപ്പ് കുറിപ്പിൽ പറയുന്നു.
കുറിപ്പ് ഇങ്ങനെ: ബസ് ഷെൽട്ടർ നിർമാണം എന്ന പദ്ധതിയുടെ ബിൽ പെട്ടെന്ന് നൽകണമെന്ന് പറഞ്ഞ് റഫീഖ് എന്നയാളും സുഹൃത്തും സെക്രട്ടറിയുടെ കാബിനിൽ കയറി ബഹളമുണ്ടാക്കി. ഫയൽ കാണാതെ പേയ്മെന്റ് നൽകണമെന്ന് ഭീഷണിപ്പെടുത്തുന്നത് ഗുണ്ടായിസമാണ് എന്ന്. റഫീഖിനോട് പലപ്പോഴായി പറഞ്ഞതാണ്.
തുടർച്ചയായി ഓഫിസിൽ വന്ന് ബഹളമുണ്ടാക്കിയാൽ ഉദ്ദേശിച്ച രീതിയിൽ കാര്യങ്ങൾ നടക്കുമെന്ന കരുതി ബോധപൂർവം സൃഷ്ടിക്കുന്നതാണ് ഇത്തരം സമ്മർദതന്ത്രങ്ങൾ. സമ്മർദം കാണുമ്പോൾ ഈ പദ്ധതിയിൽ എന്തോ ഒളിപ്പിക്കാനുളളതായിട്ടാണ് തോന്നുന്നത്. പഞ്ചായത്ത് അംഗീകരിച്ച എസ്റ്റിമേറ്റ് പ്രകാരമാണോ പ്രവൃത്തി നടന്നത്.
ഈ പ്രവൃത്തി പൂർത്തിയായിട്ടുണ്ടോ..? പഞ്ചായത്തിന് നഷ്ടം വന്നിട്ടുണ്ടോ എന്നെല്ലാം പരിശോധിക്കാതെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കാര്യങ്ങൾ നേടാമെന്ന് കരുതുന്നത് ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല. പരാതിയുണ്ടെങ്കിൽ പ്രസിഡന്റിനോ ജില്ല ഓഫിസർക്കോ പരാതി നൽകുകയാണ് വേണ്ടത്. ബസ് ഷെൽട്ടർ നിർമാണവുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തുമായി എഗ്രിമെന്റ് വെച്ചത് ഹാബിറ്റാറ്റ് കമ്പനിയാണ്.
അങ്ങനെയിരിക്കെ റഫീഖ് ഓഫിസിൽ കയറി ബഹളമുണ്ടാക്കുന്നത് എന്തിനാണ് എന്ന് ചിന്തിക്കുക. എന്തായാലും റഫീഖിന്റെയും സുഹൃത്തിന്റെയും ഭീഷണിക്ക് എത്രത്തോളം നിലവാരമുണ്ട് എന്നറിയാനാണ് ഇന്നലെ നാട്ടിൽ പോകേണ്ട ആവശ്യമുണ്ടായിട്ടും പോകാതെ ഞാനിവിടെ കുമ്പള തന്നെ നിന്നത്.’ എന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ കുറിപ്പിൽ പറയുന്നു.