കുമ്പള റെയിൽവേ സ്റ്റേഷൻ വികസനം ടർഫിൽ ഒതുങ്ങുമോ...?
text_fieldsകുമ്പള റെയിൽവേ സ്റ്റേഷന് സമീപം ടർഫ് മൈതാനം നിർമിക്കാൻ ഉദ്ദേശിക്കുന്ന കാടുമൂടിയ സ്ഥലം
കുമ്പള: ഏകദേശം 37 ഏക്കർ സ്ഥലലഭ്യതയുള്ള കുമ്പള റെയിൽവേ സ്റ്റേഷൻ വികസനം ആവശ്യപ്പെടാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. നാട്ടുകാരും യാത്രക്കാരും മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളിലൊന്ന് റെയിൽവേ സ്റ്റേഷനിൽ കാടുമൂടിയ സ്ഥലലഭ്യത ഉപയോഗപ്പെടുത്തി കുമ്പളയെ ടെർമിനൽ സ്റ്റേഷനായി ഉയർത്തുക എന്നത്. ഇത്രയും സ്ഥലലഭ്യതയുള്ള റെയിൽവേ സ്റ്റേഷൻ മംഗളൂരുവിനും കണ്ണൂരിനുമിടയിലില്ല.
ഈ കാരണം കൊണ്ടാണ് കുമ്പള ടെർമിനൽ സ്റ്റേഷന് നാട്ടുകാർ മുറവിളി കൂട്ടുന്നത്. ഇത് യാഥാർഥ്യമായാൽ കണ്ണൂരിലും മംഗളൂരുവിലും യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകൾക്ക് കുമ്പളയിൽ വിശാല സ്ഥലസൗകര്യത്തോടെ ടെർമിനൽ സ്റ്റേഷനിലെത്താനാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതുസംബന്ധിച്ച് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനും വിവിധ സംഘടനകളും നാട്ടുകാരും മന്ത്രിമാരെയും റെയിൽവേ അധികൃതരെയും ജനപ്രതിനിധികളെയും കണ്ട് നിവേദനം നൽകിവരുന്നുണ്ട്.
കുമ്പളയിലെയും സമീപത്തെ ഏഴോളം പഞ്ചായത്തുകളിലെയും ജനങ്ങൾ ട്രെയിൻ യാത്രക്കായി ആശ്രയിക്കുന്നത് കുമ്പള റെയിൽവേ സ്റ്റേഷനെയാണ്. മംഗളൂരുവിലെ കോളജുകളെ ആശ്രയിക്കുന്ന വിദ്യാർഥികളും ആശുപത്രികളിലേക്ക് പോകുന്ന രോഗികളും വ്യാപാര ആവശ്യങ്ങൾക്കായി പോകുന്നവരും ആശ്രയിക്കുന്നത് ഈ സ്റ്റേഷനിലെത്തുന്ന ട്രെയിനുകളെയാണ്. ജില്ലയിൽ വരുമാനത്തിൽ മികവ് പുലർത്തിപ്പോരുന്ന കുമ്പള സ്റ്റേഷനിൽ ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കാത്തത് നേരത്തെതന്നെ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
ഫ്ലാറ്റ്ഫോമിൽ മേൽക്കൂരയുടെ അഭാവവും യാത്രക്കാരെ ദുരിതത്തിലാക്കുന്നുണ്ട്. വെയിലും മഴയുംകൊണ്ടാണ് യാത്രക്കാർ ട്രെയിൻ കാത്തുനിൽക്കുന്നത്. നാട്ടുകാരുടെ മുറവിളിക്കൊടുവിൽ ഫ്ലാറ്റ്ഫോമിലേക്ക് കടക്കാൻ ലിഫ്റ്റ് ഒരുക്കുന്നുണ്ട്. ശുചിമുറിയും വിശ്രമകേന്ദ്രവും തുറന്നിട്ടുണ്ട്. ഏറ്റവും ഒടുവിൽ ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ച പദ്ധതികളിലൊന്നാണ് ‘ടർഫ്’ മൈതാനം.
റെയിൽവേ സ്ഥലങ്ങൾ കാടുമൂടിയ അവസ്ഥയിൽ റെയിൽവേക്ക് വരുമാനം പ്രതീക്ഷിച്ചാണ് ദക്ഷിണ റെയിൽവേ സ്വകാര്യ ഏജൻസികൾക്ക് ടർഫ് മൈതാനം പണിയാൻ ജില്ലയിൽ മാത്രം അഞ്ച് റെയിൽവേ സ്റ്റേഷനുകളെ പരിഗണിച്ചത്. ഫുട്ബാളിന്റെ നാടായ കുമ്പളയിൽ ടർഫ് മൈതാനം വരുന്നതിൽ ആർക്കും എതിർപ്പില്ല. എന്നാൽ, നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്ന മറ്റ് വികസന പദ്ധതികൾകൂടി പരിഗണിക്കണമെന്നാണ് ആവശ്യം.


