സുരേഷ് വധം: പ്രതി കസ്റ്റഡിയിൽ; കത്തി കണ്ടെത്തി
text_fieldsകുമ്പള: ഉപ്പളയിലെ മീൻ മാർക്കറ്റിനടുത്ത് കെട്ടിടത്തിൽ വാച്ച്മാനായിരുന്ന പയ്യന്നൂർ സ്വദേശി സുരേഷിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി ഉപ്പളയിലെ സവാദ് പൊലീസ് കസ്റ്റഡിയിൽ. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവെടുപ്പിനാണ് പൊലീസ് സവാദിനെ കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങിയത്.
തിങ്കളാഴ്ച നടത്തിയ തെളിവെടുപ്പിൽ കൊലപാതകം നടന്ന സ്ഥലത്തുനിന്നും അൽപം മാറി കൊലക്ക് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെത്തി. കഴിഞ്ഞാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വാക്ക് തർക്കത്തിനിടെ സവാദ് സുരേഷിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് കേസ്. അഞ്ചുദിവസത്തേക്കാണ് പ്രതിയെ പൊലീസിന് കസ്റ്റഡിയിൽ നൽകിയിട്ടുള്ളത്. തെളിവെടുപ്പ് പൂർത്തിയായ ഉടൻ ഇയാളെ വീണ്ടും കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.