മൂക്ക് പൊത്തിക്കോളൂ, മഞ്ചേശ്വരമെത്തി...
text_fieldsമഞ്ചേശ്വരത്തെ പാതയോരത്ത് കൂടിക്കിടക്കുന്ന മാലിന്യം
മഞ്ചേശ്വരം: ‘പുലിവാൽ കല്യാണം’ എന്ന സിനിമയിൽ മുംബൈയിൽനിന്ന് ടാക്സിയിൽ കൊച്ചിയിലേക്ക് വരുന്ന നടൻ സലിംകുമാറിന്റെ ‘മണവാളൻ’ ഉണരുന്നത് മാലിന്യത്തിന്റെ ദുർഗന്ധം അനുഭവിച്ചാണ്. അപ്പോഴാണ് ‘കൊച്ചിയെത്തി’ എന്ന വൈറൽ ഡയലോഗ് ഉണ്ടായത്. സമാനമാണ് കർണാടകയിൽനിന്ന് കേരളത്തിലേക്ക് എത്തുമ്പോഴുള്ള സ്ഥിതി. വടക്കുനിന്ന് എത്തുന്നവർക്ക് ‘കേരളമെത്തി’ എന്നറിയാൻ മഞ്ചേശ്വരത്തെ ദേശീയപാതയോരം കണ്ടാൽ മതിയെന്ന സ്ഥിതി. മാലിന്യമുക്ത കേരളമെന്ന് പേരെടുത്ത നാട് സ്വാഗതം ചെയ്യുന്നത് മാലിന്യക്കൂമ്പാരത്താലാണ്.
ദേശീയപാതയോട് ചേര്‍ന്നുകിടക്കുന്ന ടൗണിന്റെ വിവിധ ഭാഗങ്ങളില്‍ പൊതുസ്ഥലങ്ങളിലും റോഡരികിലും തോട്ടിലും മാലിന്യം തള്ളുന്നത് പതിവാണ്. കെട്ടുകണക്കിന് മാലിന്യമാണ് പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമായി വിവിധയിടങ്ങളില്‍ തള്ളുന്നത്. ആശുപത്രികളില്‍നിന്നുള്ള ഉപയോഗിച്ച സിറിഞ്ചുകളും മരുന്നുകുപ്പികളും മറ്റു പ്ലാസ്റ്റിക് വസ്തുക്കളും വരെ ഇക്കൂട്ടത്തിലുണ്ട്. കറോഡ, ഉദ്യാവര്‍ പത്താംമൈല്‍, തുമിനാട്, കുഞ്ചത്തൂര്പദവ് റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നതുമൂലം വഴിയാത്രക്കാര്‍ക്ക് നടന്നുപോകാന്‍പോലും പ്രയാസമാണ്. അമ്പിത്തടി ഗേരുക്കട്ട റോഡിലെ കലുങ്കിന് സമീപത്തെ തോട് പഞ്ചായത്തിലെ ഏറ്റവും വലിയ മാലിന്യനിക്ഷേപ കേന്ദ്രമായി മാറി. കൂട്ടിയിട്ട മാലിന്യത്തില്‍നിന്ന് ദുര്‍ഗന്ധം പരക്കുന്നതിനൊപ്പം മാലിന്യങ്ങളില്‍നിന്ന് ഭക്ഷണാവശിഷ്ടങ്ങള്‍ തേടിയെത്തുന്ന തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്. മഴ പെയ്യുമ്പോള്‍ പകര്‍ച്ചവ്യാധി ഭീഷണിയും ഉണ്ടാകുന്നു. പലയിടങ്ങളിലും രാത്രിയില്‍ മാലിന്യക്കൂമ്പാരത്തിന് തീയിടുന്നതും വ്യാപകമാണ്. പഞ്ചായത്തില്‍ ശാസ്ത്രീയ മാലിന്യ സംസ്കരണത്തിനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കണമെന്നും പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. കുമ്പളയിൽ റോഡരികിൽ മാലിന്യം കൂട്ടിയിട്ടതിനെതിരെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി നടപടിക്ക് നിർദേശിച്ചിരുന്നത് വിവാദമായിരുന്നു. തുടർന്ന് കുറച്ചുകാലത്തേക്ക് ഒന്നുമുണ്ടായില്ല. ഇപ്പോൾ സ്ഥിതി സമാനം.


