സ്കൂളിൽനിന്ന് വിദ്യാർഥികൾ കൊഴിഞ്ഞുപോകുന്നു; റോഡ് നന്നാക്കാൻ പൊതുമരാമത്തിന് നിർദേശം
text_fieldsജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റി സെക്രട്ടറി ആര്. വന്ദന സ്ഥലം സന്ദര്‍ശിക്കുന്നു
കാസർകോട്: മഞ്ചേശ്വരം താലൂക്കിലെ എൻമകജെ ഗ്രാമപഞ്ചായത്തിലെ സ്വർഗ -വാണിനഗർ റൂട്ടിൽ ബസ് സർവിസ് നടത്താതുമൂലം ഒറ്റപ്പെട്ടുപോയ പദ്രെ ഗവ.ഹയര്‍ സെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ യാത്രാബുദ്ധിമുട്ടുകൾ പരിഹരിക്കാന്‍ പൊതുമരാമത്ത് വകുപ്പ്. യാത്ര ബുദ്ധിമുട്ട് കാരണം സ്കൂളിൽനിന്ന് വിദ്യാർഥികൾ കൊഴിഞ്ഞുപോകുന്നതായി ജില്ല ലീഗൽ സർവിസ് അതോറിറ്റിയിൽ പരാതി ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ജില്ല ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറി ആർ. വന്ദന സ്ഥലം സന്ദർശിക്കുകയും വാഹനസൗകര്യം ഏർപ്പെടുത്താൻ തകർന്നിരിക്കുന്ന റോഡ് എത്രയും പെട്ടെന്ന് ഗതാഗത യോഗ്യമാക്കുവാൻ പൊതുമരാമത്ത് (റോഡ്) വിഭാഗത്തിന് നിർദേശം നൽകുകയും ചെയ്തു.
റോഡിന്റെ ഇരുവശങ്ങളിൽ അപകടഭീഷണിയായി ചരിഞ്ഞുനിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റുവാൻ ഫോറസ്റ്റ് ഓഫിസർക്ക് നിർദേശം നൽകി. എൻമകജെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.എസ്. സോമശേഖര, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരും സെക്രട്ടറിയുടെ കൂടെ സ്ഥലം സന്ദര്‍ശിച്ചു.