കവര്‍ച്ചക്കേസില്‍ രണ്ടുപേർ അറസ്റ്റില്‍
text_fieldsമുള്ളേരിയ: പിഗ്മി ഏജന്റിനെ തലക്കടിച്ചു വീഴ്ത്തി പണം കവര്‍ന്ന കേസിലും മലഞ്ചരക്ക് കട കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസിലുമായി രണ്ടുപേര്‍ അറസ്റ്റില്‍. മുളിയാര്‍ ബാലനടുക്കത്തെ മുഹമ്മദ് റഫീഖ് (26), അമ്മങ്കോട് സ്വദേശി നൗഫല്‍ അലി (19) എന്നിവരെയാണ് ആദൂര്‍ എസ്.ഐമാരായ വിനോദ്കുമാര്‍, ഭാസ്‌കരന്‍ നായര്‍ എന്നിവർ അറസ്റ്റ് ചെയ്തത്.
നവംബർ നാലിന് രാത്രി യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ബോവിക്കാനം ബ്രാഞ്ചിലെ പിഗ്മി ഏജന്റ് എട്ടാംമൈലിലെ രാമകൃഷ്ണന്‍ ആചാരി (73)യെ തലക്കടിച്ചുവീഴ്ത്തി 23,000 രൂപയും രേഖകളടങ്ങിയ ബാഗും കവർന്നതാണ് ഒരു കേസ്. ഒക്ടോബർ 29ന് രാത്രി പേരടുക്കയിൽ സനോജിന്റെ ബോവിക്കാനത്തെ മലഞ്ചരക്ക് കട കുത്തിത്തുറന്ന് രണ്ട് ക്വിന്റല്‍ അടക്കയും 25 കിലോ കുരുമുളകും കവര്‍ന്നതാണ് മറ്റൊരു കേസ്. സിവില്‍ പൊലീസ് ഓഫിസര്‍മാരായ ചന്ദ്രന്‍ കുറ്റിക്കോല്‍, ഗുരുരാജ്, അജയ് വില്‍സണ്‍, സുരേഷ് പാണത്തൂര്‍, ഉതേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.