'മൂന്നുവർഷം 100 പാലം പൂർത്തീകരിച്ചു'; മന്ത്രി പി.എ മുഹമ്മദ് റിയാസ്
text_fieldsതൈക്കടപ്പുറം-ഓർക്കുളം പാലം നിർമാണ പ്രവൃത്തി മന്ത്രി പി.എ. മുഹമ്മദ് റിയാസ് അഴിത്തലയിൽ ഉദ്ഘാടനം ചെയ്യുന്നു
നീലേശ്വരം: അഞ്ചു വർഷം കൊണ്ട് 100 പാലം പണി തീർക്കണം എന്നതായിരുന്നു ടൂറിസം വകുപ്പ് കരുതിയിരുന്നത്. അത് കേവലം മൂന്ന് വർഷം കൊണ്ട് പൂർത്തിയാക്കാൻ നമുക്ക് സാധിച്ചുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. നീലേശ്വരം നഗരസഭയിലെ തൈക്കടപ്പുറവും ചെറുവത്തൂർ ഗ്രാമപഞ്ചായത്തിലെ ഓർക്കുളവും തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമാണ പ്രവൃത്തി അഴിത്തലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
തൈക്കടപ്പുറം ഓർക്കുളം പാലം യഥാർഥ്യമാവുന്നതിലൂടെ നാടിന്റെ മുഖഛായ തന്നെ മാറുമെന്നും ഈ പാലവും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിനതീതമായി വികസന കാര്യത്തിൽ എല്ലാവരും ഒന്നിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു. എം. രാജേഗോപാലൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. കെ. രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായിരിന്നു. അസി. എക്സി. എൻജിനീയർ കെ. രാജീവൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, നീലേശ്വരം നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള, നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി, ചെറുവത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. രാഘവൻ, ജില്ല പഞ്ചായത്ത് മെംബർ സി.ജെ. സജിത്ത്, വാർഡ് കൗൺസിലർ പി.കെ. ലത, ചെറുവത്തൂർ പഞ്ചായത്ത് മെംബർ ഡി.എം. കുഞ്ഞിക്കണ്ണൻ, എം. രാജൻ, എം. ഗംഗാധരൻ, കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. എക്സി. എൻജിനീയർ കെ.എം. ഹരീഷ് സ്വാഗതവും അസി. എൻജിനീയർ ഷബിൻ കെ. ചന്ദ് നന്ദിയും പറഞ്ഞു.