അമൃത് ഭാരത് എക്സ്പ്രസിന് നീലേശ്വരത്ത് സ്റ്റോപ്പില്ല
text_fieldsനീലേശ്വരം: ദക്ഷിണ റെയിൽവേ നാഗർകോവിലിൽനിന്ന് മംഗളൂരുവിലേക്കനുവദിച്ച പുതിയ അമൃത് ഭാരത് എക്സ്പ്രസ് സർവിസിൽ നീലേശ്വരം സ്റ്റേഷന് അവഗണന. കാസർകോട് ജില്ലയിലെ പ്രധാന വ്യാപാര-സാംസ്കാരിക കേന്ദ്രമായ നീലേശ്വരത്തെ സ്റ്റോപ്പുകളുടെ പട്ടികയിൽ നിന്നൊഴിവാക്കിയത് യാത്രക്കാരോടുള്ള വിവേചനമാണെന്ന് ആക്ഷേപമുയരുന്നു.
ചൊവ്വാഴ്ചകളിൽ നാഗർകോവിലിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ (16329) ബുധനാഴ്ച പുലർച്ചെ മംഗളൂരുവിലെത്തും. തിരികെ ബുധനാഴ്ച രാവിലെ എട്ടിന് മംഗളൂരുവിൽനിന്ന് പുറപ്പെട്ട് (16330) രാത്രി 10.05ന് നാഗർകോവിലിൽ എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിന്റെ മധ്യഭാഗമായ ഷൊർണൂരിന് തെക്കോട്ട് 15 സ്റ്റോപ്പുകൾ അനുവദിച്ചപ്പോൾ, വടക്കോട്ട് വെറും അഞ്ച് സ്റ്റോപ്പുകൾ മാത്രമാണുള്ളത്.
കോട്ടയത്തിനും കൊല്ലത്തിനുമിടയിലുള്ള വെറും 69 കിലോമീറ്ററിനുള്ളിൽ ഏഴ് സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്. കണ്ണൂർ കഴിഞ്ഞാൽ പിന്നീട് 90 കിലോമീറ്റർ പിന്നീട്ട് കാസർകോട് മാത്രമാണ് അടുത്ത സ്റ്റോപ്പ്. വടക്കൻ മലബാറിലെ യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടേണ്ട ട്രെയിനിൽ നീലേശ്വരം സ്റ്റേഷനെ ഒഴിവാക്കിയത് കടുത്ത അവഗണനയാണ്.


