നീലേശ്വരം റെയിൽവേ സ്റ്റേഷൻ; പാർക്കിങ് സമുച്ചയം ഒരുങ്ങുന്നു
text_fieldsനീലേശ്വരം റെയിൽവേ സ്റ്റേഷനിൽ ഒരുങ്ങുന്ന വാഹന പാർക്കിങ് സ്ഥലം
നീലേശ്വരം: റെയിൽവേ സ്റ്റേഷന്റെ കിഴക്കുഭാഗത്ത് വിശാലമായ പാർക്കിങ് സമുച്ചയം ഒരുങ്ങുന്നു. ഒരേസമയം 100ലധികം കാറുകൾ നിർത്തിയിടാൻ സൗകര്യമുള്ള, അര ഏക്കറോളം വിസ്തൃതിയിലാണ് പാർക്കിങ് സൗകര്യം. കൊന്നക്കാട്, വെള്ളരിക്കുണ്ട്, ഭീമനടി, ചിറ്റാരിക്കാൽ, പരപ്പ എടത്തോട്, കാലിച്ചാനടുക്കം, കരിന്തളം തുടങ്ങി നീലേശ്വരം റെയിൽവേ സ്റ്റേഷന്റെ മലയോര ഭാഗങ്ങളിൽനിന്നുള്ള യാത്രക്കാരുടെ ദീർഘനാളത്തെ ആവശ്യമാണിത്. കഴിഞ്ഞവർഷം പാലക്കാട് ഡിവിഷനൽ മാനേജർ അരുൺകുമാർ ചതുർവേദി സ്റ്റേഷൻ സന്ദർശിച്ചപ്പോൾ പ്രസ്തുതവിഷയം എൻ.ആർ.ഡി.സി ഭാരവാഹികൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
ഒരുവർഷത്തിനകം നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്ന് അന്ന് അദ്ദേഹം അറിയിച്ചിരുന്നു. അതാണിപ്പോൾ യാഥാർഥ്യമാകുന്നത്. പാർക്കിങ് സമുച്ചയം തുറന്നുകൊടുക്കുന്നതിന് മുന്നോടിയായുള്ള ടെൻഡർ നടപടികൾ പാലക്കാട് ഡിവിഷന് കീഴിലുള്ള കമേഴ്സ്യൽ വിഭാഗം ആരംഭിച്ചു.