കോവിഡ് ഐസൊലേഷൻ വാർഡ് കെട്ടിടം കാടുമൂടി നശിക്കുന്നു
text_fieldsകാടുമുടിയ നീലേശ്വരം താലൂക്ക് ആശുപത്രി കോവിഡ് ഐസൊലേഷൻ വാർഡ് കെട്ടിടം
നീലേശ്വരം: കോവിഡ് രോഗികളെ കിടത്തിച്ചികിത്സിക്കുന്നതിന് നിർമിച്ച ഐസൊലേഷൻ വാർഡ് കെട്ടിടം കാടുമൂടി നശിക്കുന്നു. നീലേശ്വരം താലൂക്ക് ആശുപത്രിക്കു സമീപം റോഡരികിൽ നിർമിച്ച കെട്ടിടമാണ് നാശത്തിന്റെ വക്കിലെത്തിനിൽക്കുന്നത്. നിർമാണത്തിനു മാത്രമായി ലക്ഷങ്ങളാണ് സംസ്ഥാന സർക്കാർ ചെലവഴിച്ചത്.
ഇങ്ങനെ തൃക്കരിപ്പൂർ നിയോജകമണ്ഡലത്തിലെ ഐസൊലേഷൻ പ്രവർത്തിച്ചത് താലൂക്ക് ആശുപത്രിയിലായിരുന്നു. സർക്കാർ കോവിഡ് ഐസൊലേഷൻ പ്രവർത്തനങ്ങൾക്ക് ഒരുകോടി രൂപയാണ് നീക്കിവെച്ചത്. കോവിഡ് രോഗികളെ മറ്റുള്ളവരിൽനിന്ന് മാറ്റിനിർത്തി പ്രത്യേകം ചികിത്സ ഉറപ്പുവരുത്തുകയായിരുന്നു ലക്ഷ്യം. 10 കിടക്കകളുള്ള വാർഡ്, നഴ്സിങ് സ്റ്റാഫ്, ഡോക്ടർ എന്നിവ ഇതിനായി ഒരുക്കിയിരുന്നു.
തൃശൂർ ആസ്ഥാനമായ കേരള മെഡിക്കൽ സർവിസസ് കോർപറേഷനാണ് ഇവിടത്തേക്ക് ഉപകരണങ്ങൾ നൽകാനുള്ള ചുമതല.എന്നാൽ ഐസൊലേഷൻ വാർഡ് നിർമാണം പൂർത്തിയാക്കിയിരുന്നുവെങ്കിലും ഒരു രോഗിയെ പോലും ഇവിടെ പ്രവേശിപ്പിച്ചിട്ടില്ല. പകരം സ്കൂൾ, കോളജ് ഹോസ്റ്റൽ കെട്ടിടങ്ങളിലായിരുന്നു രോഗികളെ പ്രവേശിപ്പിച്ചത്. പിന്നീട് കോവിഡ് വാക്സിൻ കുത്തിവെക്കാനുള്ള ഇടമായി കുറച്ചുകാലം ഉപയോഗിച്ചിരുന്നു.
സർക്കാർ നിർമിച്ചതായതിനാൽ ആശുപത്രിക്കോ ആരോഗ്യ വിഭാഗത്തിനോ നേരിട്ട് ബന്ധമില്ല. അതാണ് നാശത്തിന് കാരണമെന്നാണ് പറയുന്നത്. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ഈ കെട്ടിടം നവീകരിച്ച് ഉപയോഗപ്പെടുത്താമെന്നാണ് നാട്ടുകാർ പറയുന്നത്.