സ്ഥലമൊരുക്കാൻ മണ്ണെടുത്തു; വീടുനിർമാണത്തിന് ഒരുങ്ങിയ കുടുംബത്തിന് നോട്ടീസ്
text_fieldsനീലേശ്വരം: വീടുനിർമാണത്തിനായി സ്ഥലമൊരുക്കുന്നതിന് മണ്ണുമാറ്റിയ കുടുംബത്തിന് ജില്ല മൈൻസ് ആൻഡ് ജിയോളജി വകുപ്പിന്റെ കാരണംകാണിക്കൽ നോട്ടീസ്. മലയോരത്തെ ബളാൽ പഞ്ചായത്തിലെ രണ്ടാം വാർഡിലെ തങ്കമണിക്കാണ് (64) സ്വന്തം സ്ഥലത്തുനിന്ന് മണ്ണുമാറ്റിയതിന് നോട്ടീസ് നൽകിയത്. അനധികൃതമായി മണ്ണ് നീക്കംചെയ്തത് കുറ്റകരവും ടി.ആക്ട് സെക്ഷൻ 31 (1) അനുസരിച്ച് അഞ്ചുവർഷം വരെ തടവും അഞ്ചു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റവുമാണെന്നാണ് നോട്ടീസിൽ പറയുന്നത്.
കഴിഞ്ഞദിവസം കാസർകോട് ജിയോളജി വകുപ്പിൽ നേരിട്ട് ഹാജരായ വീട്ടമ്മയെ രാവിലെ മുതൽ വൈകീട്ടുവരെ ഓഫിസിലിരുത്തിയെന്ന് ആക്ഷേപമുണ്ട്. പാവപ്പെട്ടവരായതുകൊണ്ട് കുറഞ്ഞ പിഴ 50,000 രൂപ മൂന്നു മാസത്തിനുള്ളിൽ അടക്കണമെന്നുപറഞ്ഞ് ഉദ്യോഗസ്ഥർ ഓഫിസിൽനിന്ന് തന്നെ വിട്ടയച്ചതായി തങ്കമണി പറയുന്നു. സംഭവത്തിൽ കലക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്. പി.എം.എ.വൈ പദ്ധതിപ്രകാരം ലഭിച്ചതാണ് വീട്.
വീട് നിർമിക്കുന്ന സ്ഥലം കുന്നിൻചരിവിലായതിനാൽ നിലം നിരപ്പാക്കാൻ മണ്ണെടുത്തിരുന്നു. ഇതിനായി നീക്കിയ മണ്ണ് തൊട്ടടുത്ത സ്വകാര്യവ്യക്തിയുടെ പറമ്പിൽ അവരുടെ അനുവാദത്തോടെ നിക്ഷേപിച്ചിരുന്നു. ഇതാണ് ഇപ്പോൾ വിനയായത്. കാരണംകാണിക്കൽ നോട്ടീസ് ലഭിച്ചതോടെ എന്ത് ചെയ്യണമെന്നറിയാതെ കുടുബം ധർമസങ്കടത്തിലണ്. കൂടാതെ അനധികൃതമായി ഖനനംചെയ്ത് നീക്കിയ ധാതുവിന്റെ റോയൽറ്റിയും വിലയും ഈ ആക്ട് സെക്ഷൻ പ്രകാരം സർക്കാറിലേക്ക് ഈടാക്കാവുന്നതാണെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു.
വീടിന്റെ തറ നിർമിക്കാനായി മണ്ണ് നീക്കുമ്പോൾ ജിയോളജി വകുപ്പിന്റെ അനുവാദം വാങ്ങിയിട്ടില്ലെന്നും ഇത് അനധികൃത മണ്ണെടുപ്പാണെന്നും കാണിച്ചാണ് തങ്കമണിക്ക് വൻ പിഴചുമത്തിയത്. ബളാൽ പഞ്ചായത്ത് ഓഫിസിന് സമീപം തട്ടുകട നടത്തി ഉപജീവനമാർഗം കണ്ടെത്തി ജീവിക്കുന്ന തങ്കമണിയുടെ ഭർത്താവ് ഗോവിന്ദന് കാഴ്ച നഷ്ടപ്പെട്ട നിലയിലാണ്.
വാടകവീട്ടിൽ കഴിയുന്ന ഈ കുടുംബത്തിന്റെ വീട് തറയിൽനിന്ന് ചുമർവരെ നിർമാണം കഴിഞ്ഞു. ഇനി മെയിൻ കോൺക്രീറ്റ് പണിയാണ് നടക്കേണ്ടത്. ഇതിന് വൻ തുക തന്നെ വേണ്ടിവരും. ഇതിനിടയിലാണ് നിസ്സാര കാര്യം ചൂണ്ടിക്കാണിച്ച് അധികൃതരുടെ കണ്ണില്ലാത്ത ക്രൂരത. പിഴയടക്കാൻ കൈയിൽ തുകയുണ്ടെങ്കിൽ വീടുനിർമാണം എന്നേ പൂർത്തിയാക്കാൻ സാധിക്കുമായിരുന്നുവെന്ന് ഭർത്താവ് ഗോവിന്ദൻ വിഷമത്തോടെ പറയുന്നു.
പി.എം.എ.വൈ പ്രകാരം നാലു ലക്ഷം രൂപയാണ് ഒരു കുടുംബത്തിന് സർക്കാറിൽനിന്ന് ലഭിക്കുന്നത്. താലിമാല ഉൾപ്പെടെയുള്ളതെല്ലാം വിറ്റുപെറുക്കിയാണ് എട്ടു സെന്റ് ഭൂമി വാങ്ങിയത്. പിഴയടക്കാൻ സാധിക്കില്ലെന്നും ജിയോളജി വകുപ്പ് നിയമനടപടി സ്വീകരിച്ചാൽ ജയിൽശിക്ഷ അനുഭവിക്കാൻ താൻ തയാറാണെന്നും തങ്കമണി പറയുന്നു.


