ക്ഷേത്രക്കുളത്തിൽ മുങ്ങിത്താണ അച്ഛനും മകൾക്കും തൊഴിലുറപ്പ് മേറ്റുമാർ രക്ഷകരായി
text_fieldsരക്ഷകരായ ചന്ദ്രശേഖരൻ, ഇന്ദു, പ്രസീത മുരളി എന്നിവർ
നീലേശ്വരം: ക്ഷേത്രക്കുളത്തിൽ മുങ്ങിത്താഴ്ന്ന് ജീവനുവേണ്ടി പിടഞ്ഞ അച്ഛനെയും മകളെയും അത്ഭുതകരമായി രക്ഷപ്പെടുത്തി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന മൂന്നുപേർ നാടിന്റെ അഭിമാനമായി. വ്യാഴാഴ്ച രാവിലെ 10നും 11നുമിടയിലാണ് മരണത്തിലേക്ക് ഇറങ്ങിപപ്പോയ രണ്ടു ജീവനുകളെ രക്ഷിച്ചത്. മിലിട്ടറി ഉദ്യോഗസ്ഥനായ ബങ്കളം കക്കാട്ട് സ്വദേശി മഹേഷ്, മകൾ ദിയ എന്നിവരാണ് അപകടത്തിൽപെട്ടത്. രണ്ടുദിവസത്തെ അവധി ആഘോഷിക്കാൻ നാട്ടിലെത്തിയതായിരുന്നു.
ഇവർ മടിക്കൈ കക്കാട്ട് മഹാവിഷ്ണു ക്ഷേത്രത്തിലെ കുളത്തിലെ പടവുകളിൽ ഇറങ്ങി കാൽ കഴുകുന്നതിനിടയിൽ 11 കാരിയായ ദിയ അബദ്ധത്തിൽ കുളത്തിൽ വീണു. മുങ്ങിത്താഴുകയായിരുന്ന മകളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിൽ പിതാവും കുളത്തിൽ വീണു . പിതാവിന്റെയും മകളുടെയും നിലവിളി ശബ്ദം ഉച്ചത്തിലായെങ്കിലും കുളം പരിസരത്ത് സആരുമുണ്ടായിരുന്നില്ല. ഈ സമയം മടിക്കൈ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ ജോലി സൈറ്റിലേക്ക് പോകുകയായിരുന്ന മേറ്റുമാരായ കൂലോം റോഡിലെ പ്രസീത മുരളി, ചതുരകിണറിലെ എം. ഇന്ദുവും കുളത്തിൽനിന്ന് ജീവൻ രക്ഷിക്കാനുള്ള നിലവിളി ശബ്ദം കേട്ടു. മറ്റൊന്നും ആലോചിക്കാതെ പ്രസീത കുളത്തിലേക്ക് ചാടി. എന്നാൽ, മുങ്ങിത്താഴുകയായിരുന്ന അച്ഛനും മകളെയും പ്രതീക്ഷിച്ചപോലെ ചേർത്തുപിടിക്കാൻ പ്രയാസപ്പെട്ടു. ഉടൻ ഇന്ദു സമീപത്തുണ്ടായിരുന്ന ഓലമെടൽ എടുത്ത് കുട്ടിക്ക് കൊടുത്തശേഷം കരയിലേക്ക് പിടിച്ചുവലിച്ച് കയറ്റി.
പിതാവിനും ഓലമെടൽ പിടിക്കാൻ കൊടുത്ത ശേഷം കരയിലേക്കെത്തിച്ചു. നാട്ടുകാരായ ചന്ദ്രശേഖരനും സഹായത്തിനെത്തി. പട്ടാളക്കാരനായ ബങ്കളം കക്കാട്ട് സ്വദേശിയായ മഹേഷ്, മകൾ ദിയ എന്നിവരുടെ ജീവൻ സാഹസികമായി രക്ഷപ്പെടുത്തിയ പ്രസീത, ഇന്ദു, ചന്ദ്രശേഖരൻ എന്നിവരെ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രകാശൻ അഭിനന്ദിച്ചു.


