ഭക്ഷ്യവിഷബാധ; ചാത്തമത്ത് 30 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
text_fieldsതാലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളെ നീലേശ്വരം നഗരസഭ ചെയർമാന്റെ നേതൃത്വത്തിൽ സന്ദർശിക്കുന്നു
നീലേശ്വരം: ഭക്ഷ്യവിഷബാധയെ തുടർന്ന് 30 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നീലേശ്വരം നഗരസഭയിലെ ചാത്തമത്ത്, പാലയി പ്രദേശങ്ങളിലെ കുട്ടികളെയാണ് നീലേശ്വരം താലൂക്ക് ആശുപത്രിയിലും ചെറുവത്തൂർ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചത്.
എല്ലാവർക്കും ഛർദിയും വയറിളക്കവുമാണ്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ചാത്തമത്ത് എ.എൽ.പി കുട്ടികളെയാണ് കൂടുതലും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നാണോ ഭക്ഷ്യവിഷബാധയേറ്റതെന്ന് സംശയമുണ്ടായിരുന്നു. തുടർന്ന് സ്കൂൾ അധികൃതർ അന്വേഷിച്ചപ്പോഴാണ് സ്കൂൾ കുട്ടികൾക്ക് മാത്രമല്ല മറ്റുള്ളവർക്കും ഭക്ഷ്യവിഷബാധ സംഭവിച്ചതായി അറിഞ്ഞത്. ചാത്തമത്തെ ഒരു സ്വകാര്യ വീട്ടിൽ നടന്ന ചടങ്ങിൽ ഭക്ഷണം കഴിച്ചവർക്ക് കൂടി വയറിളക്കം സംഭവിച്ചതായി മനസ്സിലാക്കിയതിനെ തുടർന്ന് ആരോഗ്യ വകുപ്പ് വിശദമായി അന്വേഷണം നടത്തി. കുട്ടികളിൽ ആർക്കും ഗുരുതരമായ പ്രശ്നമില്ല.
നീലേശ്വരം നഗരസഭ ചെയർമാൻ പി.പി. മുഹമ്മദ് റാഫി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളെ സന്ദർശിച്ചു. ഭക്ഷ്യവിഷബാധയുടെ കാരണം കണ്ടെത്താൻ ആരോഗ്യ വകുപ്പ് കൂടുതൽ അന്വേഷണം തുടങ്ങി.


