വൈദ്യുതിയില്ല; ഇനിയും തുറക്കാതെ 2023ൽ ഉദ്ഘാടനം ചെയ്ത ആരോഗ്യ കേന്ദ്രം കെട്ടിടം
text_fieldsമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്ത തൈക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടം
നീലേശ്വരം: ഉദ്ഘാടനം കഴിഞ്ഞ് മൂന്നുവർഷം കഴിഞ്ഞിട്ടും ചികിത്സ ലഭ്യമാക്കാതെ സർക്കാർ ആതുരാലയ കെട്ടിടം. നീലേശ്വരം നഗരസഭയിൽ മത്സ്യത്തൊഴിലാളികൾ തിങ്ങി പാർക്കുന്ന തൈക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രമാണ് ഇങ്ങനെ അടഞ്ഞുകിടക്കുന്നത്.
കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി നിർമിച്ച പുതിയ കെട്ടിടത്തിന് വൈദ്യുതി കണക്ഷൻ ലഭിക്കാത്തതാണ് കുടുംബാരോഗ്യ കേന്ദ്രം തുറന്നു പ്രവർത്തിക്കാത്തതിന്റെ പ്രധാന കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്. 2023 മാർച്ചിൽ ആരോഗ്യ മന്ത്രി വീണ ജോർജ് ഓൺലൈനായാണ് പുതിയ ആതുരാലയ കെട്ടിടം ഉദ്ഘാടനം ചെയ്തത്. വർഷങ്ങൾ കഴിഞ്ഞിട്ടും വൈദ്യുതി ബന്ധം ലഭ്യമാക്കാൻ നഗരസഭയുടെ ഭാഗത്തുനിന്ന് ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്ന ആക്ഷേപമാണ് മത്സ്യത്തൊഴിലാളികൾ ഉന്നയിക്കുന്നത്. വർഷങ്ങളായി പുതിയ ജനറേറ്ററും പ്രവർത്തനരഹിതമാണ്.
നിലവിൽ തീരദേശ മേഖലയായ തൈക്കടപ്പുറത്ത് പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയിട്ടും മതിയായ ചികിത്സ കിട്ടുന്നില്ലെന്നാണ് ആക്ഷേപം. നിലവിൽ ഉച്ചവരെ മാത്രമാണ് ആശുപത്രി പ്രവർത്തിക്കുന്നത്. ഞായറാഴ്ച ദിവസം ആശുപത്രി പൂർണമായും അവധിയാണ്. മാത്രമല്ല തീരദേശ മേഖലയിലെ ഏക സർക്കാർ ആശുപത്രിയിൽ കിടത്തി ചികിത്സ വേണമെന്ന ആവശ്യവും ഇതുവരെ പരിഗണിച്ചില്ല. ലാബ് സൗകര്യം ഉണ്ടെങ്കിലും വൈദ്യുതി പോയാൽ അതും നിലക്കും.