ദിക്കും ദേശവുമറിയില്ല; നാടിനെ അടച്ച് ദേശീയപാത നിർമാണം
text_fieldsദേശീയപാത നിർമാണത്തിന്റെ ഭാഗമായി പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ്
കോളജിന്റെ പ്രധാന കവാടത്തിന് മുന്നിൽ ഉയർന്ന കൂറ്റൻ കോൺക്രീറ്റ് മതിൽ
നീലേശ്വരം: ദേശീയപാത വികസനം തകൃതിയായി നടക്കുമ്പോൾ നാടിനെ അടച്ചുള്ള നിർമാണത്തിൽ വലയാൻ പോകുന്നത് ആയിരങ്ങൾ. പടന്നക്കാട് മേൽപാലം മുതൽ തോട്ടം നിടുങ്കണ്ടവരെയുള്ള റോഡിന് ഇരുവശത്തുമുള്ള നാടുകളാണ് അടച്ചുപൂട്ടിയ നിലയിലാകുന്നത്.
പടന്നക്കാട് എസ്.എൻ.എ യു.പി സ്കൂൾ, ശ്രീനാരായണ ടീച്ചേഴ്സ് ട്രയിനിങ് സെന്റർ, സി.കെ. നായർ കോളജ് എന്നിവടങ്ങളിലേക്ക് പോകുന്ന വിദ്യാർഥികളടക്കമുള്ളവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഇതിൽ പടന്നക്കാട് പ്രവർത്തിക്കുന്ന ജില്ല ആയുർവേദ ആശുപത്രിൽ ചികിത്സക്കെത്തുന്നവരാണ് കൂടുതലും ദുരിതമനുഭവിക്കുന്നത്.
ഇവിടങ്ങളിലേക്ക് എത്തണമെങ്കിൽ പടന്നക്കാടുവഴി എത്തി കിലോമീറ്ററുകൾ ചുറ്റി തോട്ടം അടിപ്പാതവഴി എത്തി പിന്നെയും ദൂരം താണ്ടി മാത്രമേ എത്തിച്ചേരാൻ സാധിക്കുകയുള്ളൂ. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നും എത്തുന്നവരും ജില്ല ആശുപത്രിയിൽ എത്താൻ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിച്ചാൽ മാത്രമേ ഇനി എത്താൻ കഴിയുകയുള്ളൂ. ഇതിനെല്ലാം പരിഹാരമാകണമെങ്കിൽ പടന്നക്കാടിനും തോട്ടം ജങ്ഷന്റെയും മധ്യത്തിൽ ഒരു ഫൂട്ഓവർ ബ്രിഡ്ജ് സ്ഥാപിച്ചാൽ മാത്രമേ യാത്ര സുഗമമാവുകയുള്ളൂ.
ഇതുകൂടാതെ ആയിരങ്ങൾ പഠിക്കുന്ന പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിന് മുന്നിൽ വൻമതിൽ തീർത്താണ് ദേശീയപാത വികസനം.
നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് കോളജിലേക്ക് എത്തുന്ന വിദ്യാർഥികൾ കോളജ് സ്റ്റോപ്പിൽ ബസ് ഇറങ്ങി ഒരു കിലോമീറ്ററോളം നടന്നാലേ കോളജിലേക്ക് എത്താനാകൂ എന്ന സ്ഥിതിയാണ്.
ഈ ദുരവസ്ഥ പരിഹരിക്കാൻ കോളജിന് മുന്നിൽ ഫൂട് ഓവർബ്രിഡ്ജ് സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നുകഴിഞ്ഞു. ഈ ആവശ്യം നെഹ്റു കോളജ് പി.ടി.എ ജനറൽ ബോഡി യോഗത്തിൽ ഉയർന്നു. പ്രിൻസിപ്പൽ ഡോ. കെ.വി. മുരളി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.വി. തുളസി, ഡോ. കെ. ലിജി, ഡോ. നന്ദകുമാർ കോറോത്ത് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ഡോ. കെ.വി. മുരളി (പ്രസി.), വി.വി. തുളസി (വൈസ് പ്രസി.), ഡോ. കെ.വി. വിനീഷ് കുമാർ (സെക്ര.), ഡോ. കെ.എം. ആതിര (ട്രഷ.).