മരണമുഖത്തിൽനിന്ന് സ്ത്രീയെ രക്ഷപ്പെടുത്തി ആശുപത്രിജീവനക്കാരൻ
text_fieldsനിഷാന്ത്
നീലേശ്വരം: അതിവേഗം കടന്നുവരുകയായിരുന്ന ഗുഡ്സ് ട്രെയിനിന് മുന്നിൽപ്പെടുമായിരുന്ന സ്ത്രീയെ അതിസാഹസികമായി രക്ഷപ്പെടുത്തി ആശുപത്രിജീവനക്കാരൻ. നീലേശ്വരം തേജസ്വിനി ആശുപത്രി ജീവനക്കാരൻ പരപ്പ ബാനത്തെ ബി. നിഷാന്താണ് മരണമുഖത്തിൽനിന്ന് സ്ത്രീയെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവന്നത്. ചൊവ്വാഴ്ച ഉച്ച രണ്ടരയോടെ നീലേശ്വരം റെയിൽവേ സ്റ്റേഷന് സമീപത്തെ മേൽപാലത്തിന് കീഴിൽ മന്ദംപുറത്ത് കാവ് കിഴക്കേ കമാനത്തിന് മുന്നിലാണ് സംഭവം.
റെയിൽവേ ട്രാക്ക് കടക്കുന്നതിനിടെ കടന്നുവരുകയായിരുന്ന സ്ത്രീ അശ്രദ്ധമായി റെയിൽവേ ട്രാക്കിലേക്ക് കയറുന്നത് ശ്രദ്ധയിൽപെട്ട എൻജിൻ ഡ്രൈവർ നീലേശ്വരം റെയിൽവേ സ്റ്റേഷൻ പിന്നിട്ടശേഷം ഹോൺ മുഴക്കി കടന്നുവരുകയായിരുന്നു. ഈ സമയത്ത് തേജസ്വിനി ആശുപത്രിയിൽനിന്നിറങ്ങി കാവിന് സമീപത്തെ അംബിക ഹോട്ടലിലേക്ക് ഉച്ചഭക്ഷണം കഴിക്കാനിറങ്ങി വരുകയായിരുന്നു നിഷാന്ത്.
അപകടസാധ്യത ശ്രദ്ധയിൽപെട്ടതോടെ മറുവശത്തുനിന്ന് കൈ ഉയർത്തിയിട്ട് കേൾക്കാതായപ്പോൾ ട്രാക്കിനടുത്തേക്ക് കയറിനിന്നും അത്യുച്ചത്തിൽ കൂവിവിളിച്ചു. ഒടുവിൽ ഇവർ കേട്ട് റെയിൽവേ ട്രാക്കിൽനിന്ന് പിന്നോട്ടാഞ്ഞ് ചാടിയിറങ്ങിയതും ഗുഡ്സ് ടാങ്കർ കടന്നുപോയതും ഒരുമിച്ചായിരുന്നു. തലനാരിഴക്ക് രക്ഷപ്പെട്ട സ്ത്രീയെ സമയോചിതമായ ഇടപെടലിൽ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ പറ്റിയ ആശ്വാസത്തിലാണ് ഈ ചെറുപ്പക്കാരൻ.


