വീടും സ്ഥലവും ജപ്തി ചെയ്ത സംഭവം; ഇനി ഇവർ എവിടേക്ക് പോകും...?
text_fieldsനീലേശ്വരം: വീടും പറമ്പും കോടതി നിർദേശപ്രകാരം ബാങ്ക് അധികൃതർ ജപ്തി ചെയ്തതുമൂലം പെരുവഴിയിലായ ദമ്പതികൾ താമസിച്ച താൽക്കാലിക ഷെഡും ബാങ്ക് അധികൃതർ പൊളിച്ചുനീക്കി. വീട്ടിൽനിന്നു പുറത്താക്കിയതിനെതുടർന്ന് വീടിനു പുറത്ത് താൽക്കാലിക ഷെഡ് കെട്ടിയായിരുന്നു ഇവർ താമസിച്ചിരുന്നത്.
ചൊവ്വാഴ്ച ബാങ്ക് അധികൃതരെത്തി ഇവരെ ഭീഷണിപ്പെടുത്തുകയും തുടർന്ന് ഷെഡിന്റെ ഒരുഭാഗം പൊളിച്ചുനീക്കുകയുമായിരുന്നു. ‘മാധ്യമം’ തിങ്കളാഴ്ച വൃദ്ധദമ്പതികളുടെ വാർത്ത നൽകിയിരുന്നു. നീലേശ്വരം നഗരസഭ പള്ളിക്കര വാർഡിലെ മുണ്ടേമാടിലെ പത്മനാഭൻ-ദേവി വയോധിക ദമ്പതികൾക്കാണ് ലോൺ തിരിച്ചടക്കാത്തതുമൂലം വീടും സ്ഥലവും നഷ്ടപ്പെട്ടത്.
അയൽവാസിയുടെ കാരുണ്യത്തിലാണ് ഇവർ ഇപ്പോൾ കഴിയുന്നത്. ഭക്ഷണം നൽകിയിരുന്നത് സമീപവാസികളാണ്. മുണ്ടേമാട്ടിലെ സി.പി.എം നേതൃത്വം പ്രശ്നത്തിൽ ഇടപെട്ടുവെങ്കിലും കോടതിവിധിയും തിരിച്ചടവിന്റെ വലിയ തുകയും തടസ്സമാകുന്നു. ബാങ്ക് അധികൃതരുമായും വൃദ്ധദമ്പതികളുടെ മകളുമായും ബന്ധപ്പെട്ട് പരിഹാരം കാണാനുള്ള പാർട്ടി ശ്രമം തുടരുന്നുണ്ട്.
യൂനിയൻ ബാങ്കിൽനിന്ന് 2015ൽ മകളുടെ വിവാഹാവശ്യങ്ങൾക്കും വീടിന്റെ അറ്റകുറ്റപ്പണികൾക്കുമായാണ് ലോണെടുത്തത്. എന്നാൽ, കോവിഡ് കാലത്ത് മകന്റെ ജോലി നഷ്ടപ്പെട്ടതോടെ ലോണിന്റെ തിരിച്ചടവ് മുടങ്ങി. ഇതോടെ, യൂനിയൻ ബാങ്ക് കോടതിയെ സമീപിക്കുകയും 2023ൽ ഇവരുടെ മുണ്ടേമാട്ടിലെ വീട് ജപ്തി ചെയ്യുകയും ചെയ്തു. വീട് പൂട്ടി സീൽ ചെയ്ത് ജപ്തി നോട്ടീസും പതിച്ചു. ജപ്തിയായതോടെ താർപ്പായ വലിച്ചുകെട്ടി പറമ്പിലാണ് ഇവർ കഴിഞ്ഞിരുന്നത്. ഈ പറമ്പിൽനിന്ന് ഒഴിഞ്ഞുപോകണമെന്നാണ് ബാങ്ക് അധികൃതർ അന്ത്യശാസനം നൽകിയിരിക്കുന്നത്. ഇതോടെ വൃദ്ധദമ്പതികൾ പെരുവഴിയിലാകുന്ന അവസ്ഥയിലാണ്.
ലോൺ തിരിച്ചടക്കാൻ സഹായിക്കണമെന്ന ആവശ്യത്തോടെ മകളെ സമീപിച്ചെങ്കിലും തിരിഞ്ഞുപോലും നോക്കിയില്ലെന്ന് ദമ്പതികൾ പറയുന്നു. മകൻ ഓട്ടോ ഓടിച്ചുകിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് ഈ കുടുംബം കഴിയുന്നത്. മകൻ പത്മനാഭൻ ഇപ്പോൾ അസുഖബാധിതനായി ചികിത്സയിലാണ്. 70കാരനായ പത്മനാഭനും 68കാരിയായ ഭാര്യ ദേവിയും ഇനി എന്തുചെയ്യുമെന്നറിയാതെ നിൽക്കുകയാണ്.