Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightകണ്ണൂർ സർവകലാശാല...

കണ്ണൂർ സർവകലാശാല നീലേശ്വരം കാമ്പസിൽനിന്ന് കോഴ്സുകൾ മാറ്റാൻ ശ്രമം

text_fields
bookmark_border
കണ്ണൂർ സർവകലാശാല നീലേശ്വരം കാമ്പസിൽനിന്ന് കോഴ്സുകൾ മാറ്റാൻ ശ്രമം
cancel

നീലേശ്വരം: കണ്ണൂർ സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന നീലേശ്വരം ഡോ. പി.കെ. രാജൻ സ്മാരക കാമ്പസിലെ മലയാളം, ഹിന്ദി വകുപ്പുകൾ മാറ്റാൻ ഞായറാഴ്ച ഉത്തരവിറക്കി. എന്നാൽ, നീക്കം വിവാദമായതോടെ ഉത്തരവ് തൽക്കാലം നടപ്പാക്കേണ്ടതില്ല എന്ന് സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.

വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളുടെ ഉന്നത വിദ്യാഭ്യാസരംഗത്തെ പുരോഗതി ലക്ഷ്യമിട്ട് പൊതുവിൽ പിന്നാക്കാവസ്ഥയിലുള്ള കാസർകോടിന്റെ വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് 2008ൽ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് കാമ്പസ് ആരംഭിച്ചത്. രാജ്യത്തെതന്നെ ആദ്യത്തെ വില്ലേജ് കാമ്പസ്‌ എന്ന സവിശേഷതയും പ്രസ്തുത കാമ്പസിനുണ്ട്.

അഞ്ചു കോഴ്‌സുകളാണ് ആരംഭഘട്ടത്തിൽ ആരംഭിച്ചത്. മലയാളം, ഹിന്ദി, മോളിക്യുലാർ ബയോളജി വിഷയങ്ങളുടെ പഠനവകുപ്പുകളും ഐ.ടി, എം.ബി.എ വിഭാഗങ്ങളുടെ സെന്ററുകളും ഇവിടെയുണ്ടായിരുന്നു. സാമ്പത്തികമായി ഏറ്റവും പിന്നാക്കംനിൽക്കുന്ന തദ്ദേശീയരായ വിദ്യാർഥികളുടെയടക്കം ആശ്രയമായിരുന്നു ഈ കലാലയം. എന്നാൽ, നാളുകൾ പിന്നിട്ടപ്പോൾ വേണ്ടത്ര സൗകര്യങ്ങളില്ലാത്തതിനാൽ എം.സി.എ സെന്ററിൽ വിദ്യാർഥികളുടെ എണ്ണം കുറയുകയും ഒടുവിൽ അടച്ചുപൂട്ടേണ്ടിയും വന്നു. ഇതിന് പകരമായി കോഴ്സുകൾ അനുവദിക്കപ്പെടുകയോ പ്രസ്തുത കോഴ്സ് പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമോ സർവകലാശാല ചെയ്തതുമില്ല. 2024ൽ മറ്റൊരു കോഴ്‌സായ എം.എസ്.സി മോളിക്യുലാർ ബയോളജി കണ്ണൂർ പാലയാട് കാമ്പസിലേക്ക് മാറ്റിയിരുന്നു സർവകലാശാല. ശാസ്ത്രവിഷയങ്ങളുടെ ഏകീകരണമാണ് കാരണമായി പറയുന്നതെങ്കിലും മറ്റു പല ശാസ്ത്ര കോഴ്സുകളും മറ്റു കാമ്പസുകളിൽ നിലനിൽക്കുന്നുണ്ടായിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോൾ മലയാളം, ഹിന്ദി വിഭാഗവും മാറ്റാനുള്ള ഉത്തരവിറക്കിയത്.

മോളിക്യുലാർ ബയോളജി കോഴ്സിന് പകരമായി അഞ്ചുവർഷത്തെ ഇന്റഗ്രേറ്റഡ് എം.കോം കോഴ്സാണ് കാമ്പസിൽ കൊണ്ടുവന്നത്. ഡിപ്പാർട്മെന്റുകൾ മാറ്റാൻ കഴിഞ്ഞ കുറച്ചുകാലമായി സർവകലാശാല ശ്രമിക്കുന്നുമുണ്ട്. എല്ലാ കോഴ്സുകളും ഇന്റഗ്രേറ്റഡ് നാലുവർഷ ബിരുദത്തിലേക്ക് മാറ്റുമ്പോൾ മലയാളം തിരഞ്ഞെടുത്ത വിദ്യാർഥികൾ സബ്ബായി ഹിസ്റ്ററി തുടങ്ങിയ മറ്റു കോഴ്സുകൾ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ, ഈ കോഴ്സുകൾ ഇവിടെ ഇല്ലെന്നാണ് ഇതിന് പിന്നിലെ വാദം. ഉന്നത വിദ്യാഭ്യാസരംഗത്ത് നല്ല മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ അതിനനുസരിച്ച് പുതിയ കോഴ്സുകൾ കാമ്പസിലേക്ക് കൊണ്ടുവരുന്നതിനുപകരം ഇവിടെയുള്ള കോഴ്സുകൾ മാറ്റുന്നത് കാമ്പസിനെതന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ്.

പഠനവകുപ്പുകളുടെ മാറ്റം മരവിപ്പിച്ചു

കണ്ണൂർ: സർവകലാശാല പഠനവകുപ്പുകൾ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇറങ്ങിയ ഉത്തരവ് തൽക്കാലം നടപ്പാക്കേണ്ടതില്ല എന്ന് സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. കൂടുതൽ ചർച്ചകൾക്ക് ശേഷം മാറ്റങ്ങൾ നടപ്പിലാക്കിയാൽ മതിയെന്നും യോഗം തീരുമാനിച്ചു. നീലേശ്വരം കാമ്പസിലെ മലയാളം ഉൾപ്പെടെ ചില പഠനവകുപ്പുകൾ പാലയാട് മാറ്റാനുള്ള നീക്കം വിവാദമായതോടെയാണിത്.

എഫ്.വൈ.യു.ജി.പി രണ്ട്, നാല് സെമസ്റ്റർ പരീക്ഷകൾ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മേയ് നാലിന് ശേഷം ക്രമീകരിക്കും. സർക്കാർ ഉത്തരവിന്റെ പശ്ചാത്തലത്തിൽ സർക്കാർ, എയ്ഡഡ് കോളജുകളിൽനിന്നും പുതിയ പ്രോഗ്രാമുകൾക്കുള്ള അപേക്ഷ ക്ഷണിക്കും. സർവകലാശാല ഡിപ്പാർട്ട്മെന്റുകളിൽ പുതിയ പ്രോഗ്രാമുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കും. വടക്കു കിഴക്കൻ സംസ്‌ഥാനങ്ങളിൽനിന്നും കണ്ണൂർ സർവകലാശാലയിൽ പ്രവേശനം നേടുന്ന കുട്ടികൾക്ക് മെറിറ്റ് അടിസ്‌ഥാനത്തിൽ സ്കോളർഷിപ്പുകൾ നൽകും. 2025-26 വർഷത്തെ ആർട്സ് ഗ്രേസ് മാർക്കുകൾ നൽകുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കും. ദേശീയതല മത്സരങ്ങളിൽ വിജയികളായ കലാ-കായിക രംഗത്തെ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡ് നൽകും. തലശ്ശേരി ടീച്ചർ എജുക്കേഷൻ സെന്ററിൽ ഉറുദു ബി.എഡിനു താൽക്കാലിക അനുമതി നൽകി. സുപ്രീംകോടതിയുമായി ബന്ധപ്പെട്ടു വരുന്ന കേസുകളിൽ സർവകലാശാലക്കു വേണ്ടി ഹാജരാകുന്നതിന് അഡ്വ. കെ.എൻ. സുഭാഷ് ചന്ദ്രനെ നിയമിക്കാനും സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.

Show Full Article
TAGS:Kasargod localnews Kannur University 
News Summary - Kannur University attempts to shift courses from Nileshwaram campus
Next Story