അടിസ്ഥാന സൗകര്യങ്ങളില്ലാതെ കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ
text_fieldsകോട്ടപ്പുറം പുഴയിൽ സർവിസ് നടത്തുന്ന ഹൗസ് ബോട്ട്, പിറകിൽ ഹൗസ് ബോട്ട് ടെർമിനൽ
നീലേശ്വരം: ഉത്തര മലബാറിലെ ഉൾനാടൻ ജലാശയങ്ങളിലൂടെയുള്ള യാത്രയിൽ സഞ്ചാരികൾക്ക് അനുഭൂതി പ്രദാനം ചെയ്യുന്നതിനായി നിർമിച്ച നീലേശ്വരം കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ വീർപ്പുമുട്ടുന്നു. സംസ്ഥാന ടൂറിസം വകുപ്പിന്റെ മലനാട് നോർത്ത് മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതി എട്ടു കോടി രൂപ ചെലവഴിച്ചാണ് കോട്ടപ്പുറത്ത് നിർമിച്ചത്. 2023 ഫെബ്രുവരി 20ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനാണ് കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനൽ ഉദ്ഘാടനംചെയ്തത്. അന്ന് ഉദ്ഘാടനംചെയ്ത് പോയതല്ലാതെ സഞ്ചാരികൾക്കായി മതിയായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയില്ല.
അമ്പതിലധികം ഹൗസ് ബോട്ടുകൾ സർവിസ് നടത്തുന്ന ടെർമിനലിന് അധികൃതരുടെ ഭാഗത്തുനിന്ന് കടുത്ത അവഗണനയാണ് നേരിടുന്നത്. ദിനംപ്രതി നൂറുകണക്കിന് ആഭ്യന്തര-വിദേശ സഞ്ചാരികൾ എത്തിച്ചേരുന്ന ഇവിടെ, ഏറ്റവും പ്രാഥമികമായ ആവശ്യങ്ങൾ നിർവഹിക്കാൻപോലും സംവിധാനമില്ലാത്തത് മലബാറിലെ ടൂറിസം മേഖലക്കു തന്നെ വലിയ തിരിച്ചടിയാകുന്നു. സംസ്ഥാനത്ത് ആലപ്പുഴ കഴിഞ്ഞാൽ ഹൗസ് ബോട്ട് സർവിസുകളിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന പ്രമുഖ കേന്ദ്രമായിട്ടും, മണിക്കൂറുകളോളം കായലിലൂടെ യാത്ര ചെയ്ത് ആസ്വദിച്ച് തിരിച്ചെത്തുന്ന സഞ്ചാരികൾ കടുത്ത നിരാശയോടെയും അമർഷത്തോടെയുമാണ് ഇവിടെനിന്നും മടങ്ങുന്നത്.
നഗരസഭക്ക് വരുമാനമില്ല
കോട്ടപ്പുറം ഹൗസ്ബോട്ട് ടെർമിനലിന്റെ വികസന പ്രവർത്തനങ്ങൾക്ക് തുക നീക്കിവെക്കാൻ നീലേശ്വരം നഗരസഭക്ക് വലിയ സാങ്കേതിക തടസ്സങ്ങളാണ് നിലവിലുള്ളത്. ടെർമിനലിൽനിന്നും ഹൗസ് ബോട്ടുകളിൽനിന്നും ലഭിക്കുന്ന വൻ തുകയുടെ വരുമാനം മുഴുവൻ ഡി.ടി.പി.സിയുടെയും ബി.ആർ.ഡി.സിയുടെയും അക്കൗണ്ടുകളിലേക്കാണ് നേരിട്ടെത്തുന്നത്. നഗരസഭക്ക് ഇതിൽനിന്നും ഒരുവിധ വരുമാനവും ലഭിക്കുന്നില്ല. വരുമാനമില്ലാത്ത സാഹചര്യത്തിൽ, സ്വന്തം ഫണ്ടിൽനിന്നും ലക്ഷങ്ങൾ ഇവിടത്തെ വികസനത്തിനായി മാറ്റിവെക്കാൻ നഗരസഭ ഏറെ ബുദ്ധിമുട്ടുകയാണ്. അതിനാൽ ഹൗസ്ബോട്ട് ടെർമിനലിന്റെ നിയന്ത്രണം നീലേശ്വരം നഗരസഭക്ക് പൂർണമായും വിട്ടുനൽകണമെന്നാണ് നാട്ടുകാരുടെയും ഹൗസ്ബോട്ട് ജീവനക്കാരുടെയും ആവശ്യം.
പ്ലാനിങ്ങിലെ വൻ വീഴ്ച; ശൗചാലയമില്ല
കോട്ടപ്പുറം ഹൗസ്ബോട്ട് ടെർമിനൽ വിഭാവനംചെയ്ത ഘട്ടത്തിൽതന്നെ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വലിയ ആസൂത്രണ പിഴവാണ് ഇപ്പോഴത്തെ ദുരവസ്ഥക്ക് പ്രധാന കാരണം. കോടികൾ മുടക്കി ഒരു ടൂറിസം പദ്ധതി തയാറാക്കുമ്പോൾ അവിടെയെത്തുന്ന സഞ്ചാരികൾക്ക് അത്യാവശ്യം വേണ്ട ടോയ്‌ലറ്റ് ബ്ലോക്ക് നിർമിക്കാൻ പദ്ധതിയിൽ ഇടം നൽകാതിരുന്നത് അധികൃതരുടെ ദീർഘ വീക്ഷണമില്ലായ്മയാണ് വ്യക്തമാക്കുന്നത്.
ദൂരദേശങ്ങളിൽനിന്നും വിദേശങ്ങളിൽനിന്നും എത്തുന്ന കുടുംബങ്ങൾ, പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും പ്രായമായവരും, പ്രാഥമിക ആവശ്യങ്ങൾക്ക് ബുദ്ധിമുട്ടുന്നു. ടെർമിനലിനോട് ചേർന്ന് ബി.ആർ.ഡി.സിയുടെ കീഴിലുള്ള ഉപയോഗശൂന്യമായ പഴയ കെട്ടിടം പൊളിച്ചുമാറ്റി ആധുനിക രീതിയിലുള്ള ഒരു ഹൈടെക് ടോയ്‌ലറ്റ് ബ്ലോക്കും കംഫർട്ട് സ്റ്റേഷനും നിർമിക്കാൻ സാധിക്കും.
ബോട്ടുകൾ അടുപ്പിക്കാൻ സ്ഥലമില്ല
അമ്പതിലധികം ഹൗസ് ബോട്ടുകൾ സർവിസ് നടത്തുന്ന കോട്ടപ്പുറത്ത്, എത്തുന്ന സഞ്ചാരികളുടെയും ബോട്ടുകളുടെയും എണ്ണത്തിനനുസരിച്ച് നിലവിലുള്ള ബോട്ട് ജെട്ടിയുടെ ശേഷി തികച്ചും അപര്യാപ്തമാണ്. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹൗസ് ബോട്ട് കേന്ദ്രമായിട്ടും നിലവിലെ കോൺക്രീറ്റ് ജെട്ടിയിൽ ഒരേസമയം വെറും നാല് ബോട്ടുകൾക്ക് മാത്രമേ സുരക്ഷിതമായി നിർത്താൻ കഴിയൂ. കൂടുതൽ ബോട്ടുകൾ ഒരേസമയം എത്തുമ്പോൾ കായൽമധ്യത്തിൽതന്നെ കാത്തുകിടക്കേണ്ടി വരുന്നത് വലിയ സമയനഷ്ടത്തിനും സഞ്ചാരികളുടെ ബുദ്ധിമുട്ടിനും കാരണമാകുന്നുണ്ട്.
ഫ്ലോട്ടിങ് ജെട്ടി അനിവാര്യം
ഈ പ്രതിസന്ധിക്ക് പരിഹാരമായി നിലവിലുള്ള ബോട്ട് ജെട്ടിയോട് ചേർന്ന് അത്യാധുനിക രീതിയിലുള്ള ഒരു ഫ്ലോട്ടിങ് ജെട്ടി (വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ജെട്ടി) നിർമിക്കണമെന്ന ആവശ്യം ശക്തമാണ്. കായലിലെ വേലിയേറ്റ-വേലിയിറക്കങ്ങൾക്കനുസരിച്ച് ഉയരുകയും താഴുകയും ചെയ്യുന്ന ഫ്ലോട്ടിങ് ജെട്ടി യാഥാർഥ്യമായാൽ, ഒരേ സമയത്ത് കൂടുതൽ ബോട്ടുകൾക്ക് സുരക്ഷിതമായി ഇവിടെ അടുപ്പിക്കാൻ സാധിക്കും. സഞ്ചാരികൾക്ക് ബോട്ടുകളിലേക്ക് സുരക്ഷിതമായി കയറാനും ഇറങ്ങാനും ഇത് ഏറെ സഹായകരമാകും.
വരുമാനത്തിൽ മാത്രം കണ്ണ്
നീലേശ്വരത്തെയും സമീപ പ്രദേശങ്ങളിലെയും നിരവധി കുടുംബങ്ങളാണ് ഹൗസ്ബോട്ട് വരുമാനത്തിൽ ജീവിക്കുന്നത്. ടൂറിസം വഴി വലിയതോതിൽ വരുമാനം എത്തുമ്പോഴും, ഈ മേഖലയെ നിലനിർത്താൻ ആവശ്യമായ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ തയാറാകുന്നില്ലെന്നാണ് പരക്കെയുള്ള ആക്ഷേപം. ടെർമിനൽ പരിസരത്ത് മാലിന്യങ്ങൾ നിക്ഷേപിക്കാൻ കൃത്യമായ സംവിധാനമില്ലാത്തതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. സഞ്ചാരികൾ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ കായലിലേക്ക് തള്ളപ്പെടുന്നത് പ്രദേശത്തെ പാരിസ്ഥിതിക മലിനീകരണത്തിലേക്ക് നയിക്കുന്നു. രാത്രികാലങ്ങളിൽ ആവശ്യത്തിന് തെരുവ് വിളക്കുകളും കത്തുന്നില്ല. ഭരണപരമായ പ്രതിസന്ധികൾ ഒഴിവാക്കാൻ ടെർമിനലിന്റെ മേൽനോട്ടം നീലേശ്വരം നഗരസഭക്ക് കൈമാറുക. ബി.ആർ.ഡി.സി കെട്ടിടം പുനർനിർമിക്കുക.
ടെർമിനലിനോട് ചേർന്നുള്ള പഴയ കെട്ടിടം പൊളിച്ച് ആധുനിക ശൗചാലയ സമുച്ചയം സ്ഥാപിക്കുക. കൂടുതൽ ബോട്ടുകൾ ഒരേസമയം അടുപ്പിക്കാൻ നിലവിലെ ജെട്ടിയോട് ചേർന്ന് ഫ്ലോട്ടിങ് ജെട്ടി നിർമിക്കുക. സഞ്ചാരികൾക്ക് കംഫർട്ട് സ്റ്റേഷനും ടെർമിനൽ പരിസരത്ത് ഹൈമാസ്റ്റ് ലൈറ്റുകളും ഏർപ്പെടുത്തുക എന്നിവയാണ് അടിയന്തരമായി നടപ്പാക്കേണ്ടത്. ഇനിയും അധികൃതർ കണ്ണടച്ചാൽ വലിയൊരു ടൂറിസം കേന്ദ്രത്തിന്റെ തകർച്ചക്കാകും അത് വഴിവെക്കുക. ജനപ്രതിനിധികളും ടൂറിസം വകുപ്പും യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെട്ട് കോട്ടപ്പുറം ടെർമിനലിന് ശാപമോക്ഷം നൽകണമെന്നാണ് സഞ്ചാരികളുടെയും ടൂറിസം മേഖലയെ ആശ്രയിച്ചു കഴിയുന്നവരുടെയും ശക്തമായ ആവശ്യം.


