നീലേശ്വരത്ത് കെ.എസ്.ആർ.ടി.സി സബ് ഡിപ്പോ; ആവശ്യം ശക്തം
text_fieldsനീലേശ്വരം: കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ നീലേശ്വരത്തും പരിസരങ്ങളിലും കെ.എസ്.ആർ.ടി.സി സർവീസുകൾ പരിമിതമാണ്. ഡിപ്പോ ആരംഭിക്കുന്നതോടെ ജില്ലയുടെ തെക്കൻ മേഖലയിലെ മലയോര-തീരദേശ മേഖലകളിൽ പുതിയ സർവീസുകൾ ആരംഭിക്കാനാകും. ജില്ലയിൽ നിലവിൽ കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിലാണ് ഡിപ്പോ പ്രവർത്തിക്കുന്നത്. ജില്ലയുടെ മൂന്നാമത്തെ നഗരമായ നീലേശ്വരത്ത് സബ് ഡിപ്പോ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകൾ സർക്കാറിന് നിവേദനം നൽകിയിട്ടുണ്ട്.
രാത്രി ആറുമണി കഴിഞ്ഞാൽ നീലേശ്വരത്തുനിന്ന് മലയോര-തീരദേശ മേഖലകളിലേക്ക് ബസുകൾ ലഭ്യമല്ല. ദൂരെ സ്ഥലങ്ങളിൽനിന്ന് ട്രെയിനിലെത്തുന്നവരും സർക്കാർ ജീവനക്കാരും ഇതു കാരണം അനുഭവിക്കുന്ന ദുരിതം ചെറുതല്ല. നീലേശ്വരത്തുനിന്ന് കുന്നുംകൈ പാലം വഴി നിരവധി കെ.എസ്.ആർ.ടി.സി ബസുകൾ വർഷങ്ങളോളം ചെയിൻ സർവീസ് നടത്തിയിരുന്നെങ്കിലും നിലവിൽ ഒന്നുമില്ല.
നീലേശ്വരം ആസ്ഥാനമായി പുതിയ ഡിപ്പോ സ്ഥാപിച്ചാൽ വെസ്റ്റ്-എളേരി, ഈസ്റ്റ്-എളേരി, ബളാൽ, ചെറുപുഴ, കോടോം-ബേളൂർ, കിനാനൂർ-കരിന്തളം, മടിക്കൈ തുടങ്ങിയ മലയോര പഞ്ചായത്തുകളിലെയും ചെറുവത്തൂർ, പടന്ന, തൃക്കരിപ്പൂർ, പിലിക്കോട്, വലിയപറമ്പ തുടങ്ങിയ തീരദേശ പഞ്ചായത്തുകളിലെയും യാത്ര ദുരിതത്തിന് പരിഹാരമാകും. നീലേശ്വരത്ത് സബ് ഡിപ്പോ സ്ഥാപിക്കാൻ രണ്ടു തവണ സർക്കാർ ശ്രമിച്ചിരുന്നെങ്കിലും ഇതുവരെ യാഥാർഥ്യമായില്ല.
നീലേശ്വരത്ത് കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോ സ്ഥാപിക്കുകയാണെങ്കിൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ചെയ്തു നൽകുമെന്ന് നഗരസഭ അറിയിച്ചു.